
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് കേന്ദ്രകഥാപാത്രമായെത്തിയ ‘ടോക്സിക്’ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടി ഹർഷിത പിഷാരടി. ചിത്രം തികച്ചും മികച്ചതാണെന്നും അനാവശ്യമായി കുറ്റം പറയുന്നവർക്ക് അത് മനസ്സിലാക്കാനുള്ള വിവരമില്ലെന്നുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം തുറന്നടിച്ചത്.
സ്വന്തം അമ്മയോടൊപ്പമാണ് താൻ തിയേറ്ററിൽ പോയി സിനിമ കണ്ടതെന്നും അമ്മയ്ക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നും ഹർഷിത വ്യക്തമാക്കുന്നു. വികാരങ്ങൾ എന്താണെന്ന് അറിയാത്ത, മൂന്ന് സെക്കൻഡ് റീലുകൾ മാത്രം കണ്ട് കാര്യങ്ങളെ വിലയിരുത്തുന്ന അപക്വമതികൾക്കുള്ളതല്ല ഈ സിനിമയെന്നും തലയിൽ ആൾത്താമസമില്ലാത്തവരാണ് സോഷ്യൽ മീഡിയയിൽ അനാവശ്യ കമന്റുകളുമായി എത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ലൈംഗികതയുടെ പേരിൽ ചിത്രത്തെ അനാവശ്യമായി വിമർശിക്കുന്നതിനെയും ഹർഷിത ശക്തമായി എതിർത്തു. യാതൊരുവിധ അശ്ലീലതയുമില്ലാതെ സ്ത്രീശക്തിയും പുരുഷ ഊർജ്ജവും ഏറ്റവും തുല്യമായ രീതിയിലാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നതെന്നും ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് ഇത് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും ഹർഷിത പറഞ്ഞു. ‘365 ഡേയ്‌സ്’, ’50 ഷേഡ്‌സ്’ തുടങ്ങിയ സിനിമകൾ കാണാത്തവരാണ് ടോക്സിക്കിലെ രംഗങ്ങളെച്ചൊല്ലി വിചിത്രമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നടി ചൂണ്ടിക്കാട്ടി.
‘മൂൺവാക്ക്’, ‘ഡൊമിനിക്ക് ആൻഡ് ദ് ലേഡീസ് പഴ്‌സ്’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഹർഷിത പിഷാരടി.
ഹർഷിതയുടെ വാക്കുകൾ;
‘‘ഞാൻ ടോക്സിക് കാണുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ഈ സിനിമയ്ക്ക് എന്തുകൊണ്ട് ഇത്രയും ഹേറ്റ് വരുന്നതെന്ന് എനിക്ക് അറിയില്ല. ഒന്നുകിൽ നിങ്ങളുടെ തലയ്ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും അത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തത്. സത്യം പറയുകയാണെങ്കിൽ ഇതൊരു നല്ല സിനിമയാണ്.
തലയിൽ മൂളയും വിവരവും ഉള്ളവർ വന്നു കാണുക. എന്റെ അമ്മ സിനിമ കണ്ടിട്ട് പറഞ്ഞത് ‘ഐ ലവ്ഡ് ഇറ്റ്’ എന്നാണ്. വിവരമുള്ളവർ, തലയിൽ ആള് താമസം ഉള്ളവർ, വികാരങ്ങൾ മനസ്സിലാകുന്നവർ പോയി കാണുക. അല്ലാത്തവർ അവിടെ കുറ്റം പറഞ്ഞുകൊണ്ട് ഒരു പണിയും ഇല്ലാതെ കമന്റ് ഇട്ടുകൊണ്ടിരിക്കുക. മറ്റൊന്നും പറയാനില്ല.
ഇതു മുതിർന്നവർക്കുള്ള സിനിമയാണ്, വികാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്ത അപക്വമതികൾക്കുള്ളതല്ല ഈ സിനിമ. അത് വ്യക്തമായി അണിയറക്കാർ തന്നെ പറയുന്നുണ്ട്. . ഓഹോ, മൂന്ന് സെക്കൻഡ് റീലിൽ കാണുന്ന എന്തൊക്കെയോ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ പിന്നെ…
ഈ സിനിമയെ ലൈംഗികതയുടെ പേരിൽ ആളുകൾ വിമർശിക്കുന്നത് കാണുമ്പോൾ എനിക്ക് ശരിക്കും ലജ്ജ തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ പറയുകയാണ്, ഈ സിനിമയിൽ സ്ത്രീശക്തിയും പുരുഷ ഊർജ്ജവും യാതൊരുവിധ അശ്ലീലതയുമില്ലാതെ, തികച്ചും മികച്ച രീതിയിൽ, തുല്യമായി അവതരിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല ഈ സിനിമയെ വിമർശിക്കുന്ന നിങ്ങൾ ‘365 ഡേയ്‌സോ’, ’50 ഷേഡ്‌സോ’ കണ്ടിട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പാണ്.’