നിലപാടുകളുടെ പേരിൽ മലയാള സിനിമ എന്നെ മാറ്റിനിർത്തിയിട്ടില്ല: പാർവതി തിരുവോത്ത്

','

' ); } ?>

സ്വീകരിച്ച നിലപാടുകളുടെയോ തുറന്നുപറച്ചിലുകളുടെയോ പേരിൽ മലയാള ചലച്ചിത്ര ലോകം തന്നെ വെറുക്കുകയോ ഭ്രഷ്ട് കൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. ധരിക്കുന്ന വസ്ത്രത്തിനോ ബാഹ്യരൂപത്തിനോ അനുസരിച്ചല്ല മലയാളത്തിൽ വ്യക്തിത്വങ്ങൾക്ക് വില കൽപ്പിച്ചതെന്നും, കരിയറിന്റെ തുടക്കത്തിൽ ലഭിച്ച ആ സ്വാതന്ത്ര്യത്തിന്റെ മൂല്യം ഇപ്പോഴാണ് പൂർണ്ണമായി മനസ്സിലാക്കുന്നതെന്നും താരം വ്യക്തമാക്കി. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

സ്വന്തം നിലപാടുകൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അതിന് പിന്തുണ നൽകുന്ന മാധ്യമ അന്തരീക്ഷവുമുള്ള മലയാള സിനിമയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്. അന്യഭാഷാ ഇൻഡസ്ട്രികളിൽ ഇത്രത്തോളം അഭിപ്രായസ്വാതന്ത്ര്യം ലഭിക്കാറില്ല. തെലുങ്ക് സിനിമാ മേഖലയിലൊന്നും ഇത്തരത്തിൽ തുറന്നു സംസാരിക്കാൻ കഴിയില്ലെന്നത് ഏറെ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.

കരിയറിന്റെ തുടക്കത്തിൽ സ്വന്തമായ ഫിലോസഫികളും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളും അവതരിപ്പിച്ചിട്ടും ഇൻഡസ്ട്രിയിൽ നിന്ന് മാറ്റിനിർത്തലുകൾ നേരിടേണ്ടി വന്നിട്ടില്ല. പാർവതി ഭയങ്കരമായി സംസാരിക്കുന്നു എന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾക്കപ്പുറം വലിയ എതിർപ്പുകളൊന്നും ഉണ്ടായില്ലെന്നത് വലിയൊരു ആശ്വാസമാണ്.

സിനിമയിലെ ബോഡി ടൈപ്പുകളെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് പ്രതികരിക്കവെ, തന്റെ ആദ്യകാല അനുഭവങ്ങളും പാർവതി പങ്കുവെച്ചു. കണ്ണട ധരിച്ചും മേക്കപ്പില്ലാതെ അച്ഛന്റെ ഷർട്ടിട്ടുമാണ് അന്നൊക്കെ അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നത്. വേഷവിധാനത്തിന്റെ പേരിൽ തന്റെ പ്രാധാന്യം എവിടെയും കുറയ്ക്കപ്പെട്ടിരുന്നില്ല. ആ ഇടത്തിന്റെ മൂല്യം അന്നത്തേക്കാൾ കൂടുതൽ ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പാർവതി പറഞ്ഞു.