
മുതിർന്ന തെലുങ്ക് ചലച്ചിത്ര നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടോളമായി തെലുങ്ക് സിനിമാ-സീരിയൽ രംഗത്ത് സജീവമായിരുന്ന അദ്ദേഹം നടനായും നിർമാതാവായും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമാണ്.
മേഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി നിർമിച്ച ‘യമുഡികി മൊഗുഡൂ’, ‘ദേവാന്തകുടു’ തുടങ്ങിയ തരംഗം സൃഷ്ടിച്ച ഒട്ടേറെ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് നാരായണ റാവുവായിരുന്നു. ചലച്ചിത്ര നിർമാണ രംഗത്ത് വലിയ വിജയങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗത്തിൽ നടൻ ചിരഞ്ജീവി, തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ തുടങ്ങിയവർ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
1976-ൽ പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അന്തൂലേനി കഥ’ എന്ന ചിത്രത്തിലൂടെയാണ് നാരായണ റാവു അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. തുടർന്നുള്ള ദീർഘകാലത്തെ സിനിമാ ജീവിതത്തിൽ നൂറോളം ചിത്രങ്ങളിലും പ്രശസ്തമായ നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.