“അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചു, അത് ആത്മവിശ്വാസം കൂട്ടി”; ദിയ മിർസ

','

' ); } ?>

സിനിമയിലെ ചില അനുഭവങ്ങളാണ് പലപ്പോഴും അഭിനേതാക്കളുടെ ഉള്ളിലെ ഭയങ്ങളെയും അപകർഷതാബോധത്തെയും പൂർണ്ണമായി മാറ്റിമറിക്കുന്നത്. അത്തരത്തിൽ തന്റെ ജീവിതത്തിലും കരിയറിലും വലിയൊരു വഴിത്തിരിവിന് വഴിവെച്ച ഒരു ഗാനരംഗത്തിന്റെ ചിത്രീകരണാനുഭവം പങ്കുവെക്കുകയാണ് പ്രശസ്ത നടി ദിയ മിർസ. 2004-ൽ പുറത്തിറങ്ങിയ ‘തുംസാ നഹി ദേഖാ’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് അഭിനയിക്കേണ്ടി വന്ന അനുഭവവും, അത് തന്റെ ആത്മവിശ്വാസം ഉയർത്തിയ രീതിയുമാണ് താരം വെളിപ്പെടുത്തിയത്.

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് 25 വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും സ്വന്തം ഉള്ളിലെ ഭയങ്ങളെ മറികടന്നതിനെക്കുറിച്ചും ദിയ മനസ്സ് തുറന്നത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം അഭിനയിച്ച ‘മുജെ തുമ്‌സേ മൊഹബത്ത് ഹെ’ എന്ന സൂപ്പർഹിറ്റ് ഗാനരംഗമായിരുന്നു അത്. യാഥാസ്ഥിതിക പശ്ചാത്തലമുള്ള ഹൈദരാബാദിൽ നിന്നുമെത്തിയ തനിക്ക് തുടക്കത്തിൽ സ്വന്തം ശരീരത്തെക്കുറിച്ച് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്ന് നടി പറയുന്നു. അതുകൊണ്ടുതന്നെ ഒരു സ്ത്രീ എന്ന നിലയിൽ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിലൊന്നായിരുന്നു അന്ന് നൂറുകണക്കിന് പുരുഷന്മാർക്ക് മുന്നിൽ വെച്ചുള്ള ആ അഭിനയം.

എന്നാൽ, ആ കഥാപാത്രം എന്താണെന്നും ആ രംഗത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും കൃത്യമായി ബോധ്യമുണ്ടായിരുന്നതിനാൽ സെറ്റിലുണ്ടായിരുന്ന ആളുകളുടെ സാന്നിധ്യം തന്നെ ബാധിച്ചില്ലെന്ന് നടി വ്യക്തമാക്കി. പ്രശസ്ത കൊറിയോഗ്രാഫർ വൈഭവി മർച്ചന്റും സെറ്റിലെ മറ്റ് അംഗങ്ങളും നൽകിയ പൂർണ പിന്തുണയും സുരക്ഷിതത്വവുമാണ് ആ ഭയം മറികടക്കാൻ സഹായിച്ചത്. തുടക്കത്തിലുണ്ടായ ആ പരിഭവം പിന്നീട് വലിയ ആശ്വാസവും ആത്മവിശ്വാസവുമായാണ് കലാശിച്ചതെന്നും, ഉള്ളിലെ ഭയങ്ങളെ അതിജീവിച്ചതാണ് ഇന്നത്തെ കലാകാരിയായി തന്നെ മാറ്റിയെടുത്തതെന്നും താരം കൂട്ടിച്ചേർത്തു.

ഹോളിവുഡ് ചിത്രമായ ‘പ്രെറ്റി വുമണി’നെ ആസ്പദമാക്കി അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമാണ് ‘തുംസാ നഹി ദേഖാ’. മുകേഷ് ഭട്ട് നിർമിച്ച ഈ ചിത്രത്തിൽ അനുപം ഖേർ, പൂജ ഭാരതി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.