
മലയാള സിനിമയിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിന് നാലാം ഭാഗവുമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മഴവിൽ മനോരമ അവാർഡ്സ് വേദിയിൽ വെച്ചാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഈ മെഗാ ഹിറ്റ് പരമ്പര തുടർന്നും പ്രേക്ഷകരിലേക്കെത്തുമെന്ന കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. ‘ദൃശ്യം 4’ ഉറപ്പായും സംഭവിക്കുമെന്ന നിർമാതാവിന്റെ വാക്ക് സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് 21-ന് തിയറ്ററുകളിലെത്തിയ ‘ദൃശ്യം 3’ വൻ ബോക്സ് ഓഫീസ് വിജയം നേടുകയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നതെങ്കിലും കളക്ഷനിൽ റെക്കോർഡ് തീർത്ത മൂന്നാം ഭാഗത്തിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത അധ്യായത്തിന്റെ പ്രഖ്യാപനവും എത്തിയിരിക്കുന്നത്.
അതേസമയം, ബോക്സ് ഓഫീസ് വിജയം മാത്രം മുൻനിർത്തി സിനിമ തിടുക്കപ്പെട്ട് ചെയ്യാനില്ലെന്ന നിലപാടിലാണ് സംവിധായകൻ ജീത്തു ജോസഫ്. ‘ദി ഹോളിവുഡ് റിപ്പോർട്ടറിന്’ നൽകിയ അഭിമുഖത്തിൽ, കഥയ്ക്കും കഥാപാത്രങ്ങളുടെ വളർച്ചയ്ക്കും കൃത്യമായ സമയം നൽകിയ ശേഷമേ അടുത്ത ഭാഗത്തിലേക്ക് കടക്കൂ എന്ന് ജീത്തു വ്യക്തമാക്കിയിരുന്നു. ഓരോ ഭാഗം കഴിയുമ്പോഴും തുടർഭാഗങ്ങളെക്കുറിച്ച് ആലോചിക്കാൻ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെടാറുണ്ടെന്നും എന്നാൽ ജോർജുകുട്ടിയുടെ കഥയിലെ ബാക്കി വഴിത്തിരിവുകൾ കൃത്യമായി ആവിഷ്കരിക്കാൻ തനിക്ക് കൂടുതൽ സമയം ആവശ്യമാണെന്നുമാണ് സംവിധായകന്റെ പക്ഷം.
സാധാരണക്കാരനായ ജോർജുകുട്ടിയും കുടുംബവും നേരിടുന്ന പ്രതിസന്ധികളുടെ കഥ പറഞ്ഞ ഒന്നാം ഭാഗം ക്രൈം ത്രില്ലർ വിഭാഗത്തിൽ മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ഒന്നായിരുന്നു. തുടർന്ന് നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്ത രണ്ടാം ഭാഗവും വൻ തരംഗമായി മാറി. ഇന്ത്യൻ ഭാഷകൾക്ക് പുറമെ ചൈനീസ്, കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട് ആഗോളശ്രദ്ധ നേടിയ ദൃശ്യം പരമ്പരയുടെ അടുത്ത വരവിനായി ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.