തിയേറ്റർ ഉടമകളുമായി തർക്കം രൂക്ഷം: തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതൽ പുതിയ സിനിമകളുടെ റിലീസും ചിത്രീകരണവും നിർത്തിവെക്കും

','

' ); } ?>

തിയേറ്റർ ഉടമകളും വിതരണക്കാരുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ തമിഴ് സിനിമാ ലോകം കടുത്ത പ്രതിസന്ധിയിലേക്ക്. വരും മാസങ്ങളിൽ തിയേറ്ററുകളിൽ എത്താനിരുന്ന പുതിയ തമിഴ് ചിത്രങ്ങളുടെ റിലീസ് തടയുന്നതിനൊപ്പം നിലവിലുള്ള സിനിമകളുടെ ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും സെപ്റ്റംബർ ഒന്നു മുതൽ പൂർണ്ണമായി നിർത്തിവെക്കാൻ നിർമാതാക്കളുടെ സംഘടനകൾ തീരുമാനിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും (TFPC) തമിഴ്നാട് ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഈ നിർണായക നീക്കം നടത്തിയത്.

സിനിമകൾ തിയേറ്ററുകളിൽ എത്തി എട്ടാഴ്ചകൾക്ക് ശേഷമേ OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്ന് തിയേറ്റർ ഓണേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പുതിയ നിബന്ധന മുന്നോട്ടുവെച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. റിലീസുമായി ബന്ധപ്പെട്ട് നിർമാതാക്കൾ മുൻകൂട്ടി കരാർ ഒപ്പിടണമെന്നും പുതിയ ചിത്രങ്ങൾക്ക് മുൻകൂർ പണം നൽകില്ലെന്നും വിതരണക്കാരും തിയേറ്റർ ഉടമകളും വ്യക്തമാക്കിയിരുന്നു. എന്നാൽ നിർമാതാക്കളുടെ സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച ഈ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കി.

സമരം ആരംഭിക്കുന്നതോടെ സെപ്റ്റംബറിൽ റിലീസ് നിശ്ചയിച്ചിരുന്ന പ്രമുഖ ചിത്രങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. സെപ്റ്റംബർ 10-ന് എത്തുമായിരുന്ന കാർത്തി ചിത്രം ‘സർദാർ 2’, ജി.വി. പ്രകാശ് കുമാറിന്റെ ‘ഇമ്മോർട്ടൽ’, സൂരിയുടെ ‘മന്ദാടി’, അരുൾനിധിയുടെ ‘ഡിമോണ്ടെ കോളനി 3’ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനെയാണ് ഇത് ആദ്യം ബാധിക്കുക. തർക്കം നീണ്ടുപോവുകയാണെങ്കിൽ 2026-ന്റെ രണ്ടാം പകുതിയിൽ തിയേറ്ററുകളിലെത്തേണ്ട രജനികാന്തിന്റെ ‘ജയിലർ 2’, ധനുഷിന്റെ ‘ഓം’, വിജയ് സേതുപതിയുടെ ‘ബത്ത’, ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’ തുടങ്ങി വൻകിട ബജറ്റ് ചിത്രങ്ങളുടെ വരവിനെയും സമരം പ്രതികൂലമായി ബാധിക്കും.

സിനിമകളുടെ റിലീസിനൊപ്പം നിർമാണപ്രവർത്തനങ്ങളും പൂർണ്ണമായി സ്തംഭിക്കുന്നത് മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ഗുരുതരമായി ബാധിക്കും. അതിനാൽ പ്രതിസന്ധിയിൽ തമിഴ്നാട് സർക്കാർ അടിയന്തരമായി ഇടപെട്ട് ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണണമെന്ന് സംഘടനകൾ സംയുക്തമായി അഭ്യർത്ഥിച്ചിട്ടുണ്ട്.