
രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘ഇരുമുടി’ തിയേറ്ററുകളിൽ വൻ വിജയം നേടുമ്പോൾ, ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധ കവരുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മലയാളി ബാലതാരം നക്ഷത്ര. ബോക്സ് ഓഫീസിൽ ചിത്രം തരംഗമാകുന്ന പശ്ചാത്തലത്തിൽ, നക്ഷത്രയുടെ അഭിനയത്തെയും സിനിമാ യാത്രയെയും പ്രശംസിച്ച് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
താൻ തിരക്കഥയെഴുതിയ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലെ പ്രധാന കഥാപാത്രത്തിനായി ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന താരങ്ങളിൽ ഒരാളായിരുന്നു നക്ഷത്രയെന്ന് അഭിലാഷ് പിള്ള വെളിപ്പെടുത്തുന്നു. അന്ന് പ്രായക്കുറവ് കാരണം ആ അവസരം നഷ്ടമായെങ്കിലും, മകളെ ഒരു നല്ല നടിയാക്കണമെന്ന അച്ഛന്റെ സ്വപ്നത്തിനൊപ്പം ഈ പത്തുവയസ്സുകാരി നടത്തിയ നിരന്തര പരിശ്രമമാണ് ഇന്ന് തെലുങ്കിലെ വലിയൊരു വിജയത്തിലെത്തി നിൽക്കുന്നത്. മാളികപ്പുറം സംസാരിച്ച അച്ഛൻ-മകൾ ബന്ധത്തിന്റെയും അയ്യപ്പഭക്തിയുടെയും അതേ തണലിൽ തന്നെയാണ് മറ്റൊരു ഭാഷയിൽ നക്ഷത്ര വലിയ വിജയം കൈവരിച്ചിരിക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു.
ചെറിയ പ്രായത്തിനുള്ളിൽ തന്നെ മറ്റ് അയൽഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമാകാൻ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ, നോബഡി’യിൽ പൃഥ്വിരാജിന്റെ മകളായി മികച്ച പ്രകടനം കാഴ്ചവെച്ച നക്ഷത്ര, കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ നായകനാകുന്ന ‘ഡാഡ്’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അഭിലാഷ് പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപം:
തെലുങ്ക് സിനിമയായ ഇരുമുടി വലിയൊരു വിജയമായി മാറുമ്പോൾ, എനിക്ക് അതിനേക്കാൾ സന്തോഷം തരുന്നത് നക്ഷത്രക്കുട്ടിയുടെ മുഖത്തെ ഈ ചിരി കാണുന്നതാണ്. മാളികപ്പുറത്തിലേക്ക് കുട്ടികളെ ഓഡിഷൻ വിളിച്ചപ്പോൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകളിൽ ഒന്നായിരുന്നു നക്ഷത്രയുടേത്. പക്ഷേ അന്ന് പ്രായം കുറവായതിനാൽ ആ അവസരം അവൾക്ക് നഷ്ടമായി. അതിനുശേഷം പലപ്പോഴും എനിക്ക് വന്നിരുന്ന ഫോൺ കോളുകളിൽ ഒന്നായിരുന്നു നക്ഷത്രയുടെ അച്ഛന്റേത്.
മകളെ ഒരു നല്ല നടിയാക്കണമെന്നത് ആ മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അച്ഛന്റെ സ്വപ്നം സഫലമാക്കണമെന്ന വാശിയോടെ ആ പത്ത് വയസ്സുകാരി മുന്നോട്ട് നടന്നു. ഇന്നവൾ എത്തിനിൽക്കുന്നത് തെലുങ്കിലെ വലിയ വിജയങ്ങളിലൊന്നായി മാറുന്ന ഇരുമുടിയിലെ കേന്ദ്ര കഥാപാത്രമായാണ്. എല്ലാവരും അവളുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ, അതിൽ എനിക്ക് കാണാൻ കഴിയുന്നത് മകളെ ഒരു നല്ല നടിയാക്കണമെന്നത് നടിയാക്കണമെന്നാഗ്രഹിച്ച ആ അച്ഛന്റെ വിജയമാണ്. അതിന് കൂടെ നിന്ന അമ്മയുടെയും. എപ്പോഴും നിഴലുപോലെ അവൾക്കൊപ്പം നിൽക്കുന്ന ആ അച്ഛൻ ഇന്ന് മകളെയോർത്ത് അഭിമാനിക്കുന്നുണ്ടാകും.
മാളികപ്പുറത്തിൽ നമ്മൾ കണ്ട അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഒരു യഥാർത്ഥ അനുഭവം എനിക്ക് നക്ഷത്രയിലൂടെയും അവളുടെ അച്ഛനിലൂടെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിലും വലിയൊരു സന്തോഷം എന്തെന്നാൽ… അയ്യപ്പന്റെ കഥ പറഞ്ഞ സിനിമയിലൂടെ തന്നെ അവൾ വിജയിച്ചിരിക്കുന്നു.
നക്ഷത്രമോളേ, ഇത് തുടക്കമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ. അച്ഛന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കാൻ കഴിയട്ടെ. അടുത്തിടെ നിസാം ബഷീർ സംവിധാനംചെയ്ത ‘ഐ, നോബഡി’യിൽ പൃഥ്വിരാജിന്റെ മകളായി നക്ഷത്ര അഭിനയിച്ചിരുന്നു. കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ നായകനാകുന്ന ഡാഡ് എന്ന ചിത്രത്തിലും നക്ഷത്ര മുഖ്യവേഷത്തിലുണ്ട്.