“കുടുംബത്തെ സഹായിക്കാൻ പലവ്യഞ്ജന കട നടത്തി, പഴയ സ്കൂട്ടറിൽ യാത്ര ചെയ്യാൻ നാണക്കേട് തോന്നിയിരുന്നു”; യാഷ്

','

' ); } ?>

കോടികളുടെ താരമൂല്യമുള്ള സൂപ്പർസ്റ്റാറായി വളരുമ്പോഴും തന്റെ പഴയകാല ജീവിതവും നേരിട്ട അപകർഷതാബോധവും തുറന്നുപറഞ്ഞ് ‘കെജിഎഫ്’ താരം യഷ്. പ്രശസ്ത ടെലിവിഷൻ പരിപാടിയായ ‘ആപ് കി അദാലത്തിൽ’ നൽകിയ അഭിമുഖത്തിലാണ്, ‘നവീൻ ഗൗഡ’ എന്ന തന്റെ യഥാർത്ഥ പേരും സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള ജീവിതാനുഭവങ്ങളും താരം പങ്കുവെച്ചത്. കോളേജ് പഠനകാലത്ത് കുടുംബത്തെ സഹായിക്കാനായി പലവ്യഞ്ജന കട നടത്തിയിരുന്ന കാര്യവും അക്കാലത്ത് അനുഭവിച്ച അരക്ഷിതാവസ്ഥയുമാണ് യഷ് വെളിപ്പെടുത്തിയത്.

സഹപാഠികളെല്ലാം കാറുകളിലും ബൈക്കുകളിലും കോളേജിലെത്തിയപ്പോൾ, പിതാവിന്റെ പഴയൊരു സ്കൂട്ടറിൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ യാത്ര ചെയ്യേണ്ടിവന്നത് വലിയ നാണക്കേടുണ്ടാക്കിയതായി യഷ് ഓർത്തെടുത്തു. കൂട്ടുകാരുടെ മുന്നിൽ വെച്ച് അത്തരം അവസ്ഥകളിൽപ്പെടാതിരിക്കാൻ ആഗ്രഹിച്ചിരുന്നതായും അന്ന് ശക്തമായ അപകർഷതാബോധം അലട്ടിയിരുന്നതായും താരം പറഞ്ഞു. സാമ്പത്തികമായി വലിയ ആസ്തികളൊന്നും നൽകാനായില്ലെങ്കിലും, പ്രതിസന്ധികളിൽ ഒപ്പം നിൽക്കാനും ഉറച്ച ജീവിതമൂല്യങ്ങൾ പകർന്നുനൽകാനും തന്റെ മാതാപിതാക്കൾക്ക് സാധിച്ചുവെന്നും അതിൽ ഏറെ അഭിമാനവും നന്ദിയുമുണ്ടെന്നും യഷ് കൂട്ടിച്ചേർത്തു.

“കുടുംബത്തെ സഹായിക്കാൻ ഞാൻ അന്ന് ഒരു പലവ്യഞ്ജന കട നടത്തിയിരുന്നു. ആ പഴയ സ്കൂട്ടറിൽ യാത്ര ചെയ്യാൻ എനിക്ക് വല്ലാത്ത നാണക്കേട് തോന്നിയിരുന്നു. ചിലപ്പോൾ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ആ സ്കൂട്ടറിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് വല്ലാത്ത അപകർഷതാബോധം തോന്നിയിരുന്നു. ആരും എന്നെ ഈ കോലത്തിൽ കാണരുതെന്ന് ഞാൻ പലപ്പോഴും കരുതി. സുഹൃത്തുക്കൾ എന്നെ ആ അവസ്ഥയിൽ കാണുന്നതിൽ എനിക്ക് അരക്ഷിതാവസ്ഥയുണ്ടായിരുന്നു,” യഷ് ഓർത്തെടുത്തു.

തന്റെ മാതാപിതാക്കൾക്ക് കുടുംബത്തിനായി വലിയ ആസ്തിയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, അതിനേക്കാൾ വിലയേറിയ ജീവിതപാഠങ്ങളും അടിയുറച്ച പിന്തുണയും അവർ തനിക്ക് നൽകിയെന്ന് യഷ് പറഞ്ഞു. “എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾക്കായി സ്വത്തുക്കളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ഞങ്ങളെ ജീവിതമൂല്യങ്ങൾ പഠിപ്പിക്കാൻ അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഞാൻ അവരോട് നന്ദിയുള്ളവനാണ്. അവർ എപ്പോഴും എന്നിൽ വിശ്വസിക്കുകയും എനിക്ക് ആവശ്യമായതെല്ലാം നൽകുകയും ചെയ്തു,” യഷ് പറഞ്ഞു.

ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി മാറിയ യഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് വൻകിട പ്രോജക്റ്റുകളാണ്. ഗീത്തു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രമാണ് യഷിന്റെ അടുത്ത പ്രധാന റിലീസ്. പോർച്ചുഗീസ് ഭരണകാലഘട്ടത്തിന്റെ അവസാന നാളുകളിലെ ഗോവയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്.

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഗോള തലത്തിൽ വൻ റിലീസായി ഓഗസ്റ്റ് 26-ന് ചിത്രം തിയേറ്ററുകളിലെത്തും. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇന്ത്യയിൽ വിവിധ പ്രാദേശിക ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.