അവർ കളിച്ചത് “ഡേർട്ടി പിആർ ഗെയിംസ്”; ദീപികയ്ക്കെതിരെ സന്ദീപ് റെഡ്ഡി വാംഗ

','

' ); } ?>

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘സ്പിരിറ്റിൽ’ നിന്ന് നടി ദീപിക പദുകോൺ ഒഴിവാക്കപ്പെടാനിടയായ സാഹചര്യം വ്യക്തമാക്കി നിർമാതാക്കൾ. വെറുമൊരു ഡേറ്റ് തടസ്സമല്ല, മറിച്ച് സാമ്പത്തികമായി പ്രായോഗികമല്ലാത്ത ചില ആവശ്യങ്ങളാണ് നടിയെ പ്രോജക്റ്റിൽ നിന്ന് ഒഴിവാക്കാൻ കാരണമായതെന്ന് നിർമാതാവായ പ്രണയ് റെഡ്ഡി വാംഗ വ്യക്തമാക്കി. എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ് റെഡ്ഡി വാംഗ നടിയുമായുള്ള തർക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സിനിമയുടെ മൊത്തം ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതം വേണമെന്ന ദീപികയുടെ ആവശ്യമാണ് നിർമാതാക്കളെ പിന്നോട്ട് വലിച്ചത്.

സമീപകാല ചിത്രങ്ങളുടെ വലിയ വിജയത്തെത്തുടർന്നാണ് താരം ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഉയർന്ന പ്രതിഫല ആവശ്യങ്ങൾക്കൊപ്പം ചിത്രീകരണ സമയക്രമവുമായി ബന്ധപ്പെട്ട മറ്റു ചില നിബന്ധനകൾ കൂടി വന്നതോടെ ഈ സഹകരണം സിനിമയുടെ ബഡ്ജറ്റിന് താങ്ങാനാവില്ലെന്ന് അണിയറപ്രവർത്തകർക്ക് ബോധ്യപ്പെടുകയായിരുന്നു.

കഥാപാത്രത്തിനായി ഒന്നര വർഷത്തോളം ദീപികയുമായി സന്ദീപ് റെഡ്ഡി വാംഗ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും സമയത്തിനനുസരിച്ച് നടിയുടെ ആവശ്യങ്ങൾ മാറിമറിയുകയായിരുന്നു. തുടർന്ന് പുതിയ നായികയെ കണ്ടെത്താനുള്ള ആലോചനകൾ നടക്കുന്നതിനിടയിൽ, ഒരു വർഷത്തിലേറെയായി നടന്ന സ്വകാര്യ സംഭാഷണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സംവിധായകനെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ 2025 മെയ് മാസത്തിൽ “ഡേർട്ടി പിആർ ഗെയിംസ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് എക്സിൽ പോസ്റ്റ് പങ്കുവെക്കുകയും ദീപികയെ ഒഴിവാക്കി തൃപ്തി ദിമ്രിയെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.

ടി-സീരീസും ഭദ്രകാളി പിക്ചേഴ്സും ചേർന്ന് നിർമിക്കുന്ന ‘സ്പിരിറ്റ്’ എട്ട് ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്നറാണ്. ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാംഗ, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാംഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഭാസിനൊപ്പം വിവേക് ഒബ്‌റോയ്, ഐശ്വര്യ ദേശായി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം 2027 മാർച്ച് 5-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.