
‘ബ്രോ ക്ലബ്’ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിലും അപകീർത്തിക്കേസിലും നിർമാണ കമ്പനിയായ മിറക്കിൾ മൂവീസ് ഉടമ ശ്രുതി നല്ലപ്പയ്‌ക്കെതിരെ നടൻ രവി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. വിഷയത്തിൽ ഓഗസ്റ്റ് 25-നകം വിശദീകരണം നൽകാൻ ഹൈക്കോടതി ശ്രുതി നല്ലപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിനും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനും തനിക്കെതിരെ അപകീർത്തികരമായ ഇ-മെയിലുകൾ അയച്ചുവെന്നാണ് രവി മോഹന്റെ ഹർജിയിലെ പ്രധാന ആരോപണം. കൂടാതെ, സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി താൻ ചെലവാക്കിയ തുക തിരികെ നൽകാൻ നിർമാതാവ് തയ്യാറായില്ലെന്നും നടൻ കോടതിയെ അറിയിച്ചു.
ആദ്യം ‘ബ്രോ കോഡ്’ എന്ന പേരിൽ മിറക്കിൾ മൂവീസ് നിർമിക്കാനിരുന്ന ഈ മൾട്ടിസ്റ്റാറർ ചിത്രം പിന്നീട് ‘ബ്രോ ക്ലബ്’ എന്ന് പേരുമാറ്റി രവി മോഹൻ സ്റ്റുഡിയോസ് ഏറ്റെടുക്കുകയായിരുന്നു. ഈ കൈമാറ്റത്തിന് ശേഷമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത നിയമപോരാട്ടത്തിലേക്ക് വഴിമാറിയത്.