
നിർമ്മാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ തിയേറ്റർ ഉദ്ഘാടനച്ചടങ്ങിൽ മലയാള സിനിമയിലെ വൻ താരനിരയ്‌ക്കൊപ്പം നടൻ ദിലീപും മഞ്ജു വാര്യരും പങ്കെടുത്തത് ശ്രദ്ധേയമാകുന്നു. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത വർണാഭമായ ചടങ്ങിൽ പ്രമുഖ താരങ്ങൾ പലരും അണിനിരന്നുവെങ്കിലും, വർഷങ്ങൾക്ക് ശേഷം ദിലീപും മഞ്ജു വാര്യരും ഒരേ ചടങ്ങിൽ പങ്കെടുത്തതാണ് മാധ്യമ ശ്രദ്ധ നേടിയത്.
സദസ്സിലെ ഏറ്റവും പിന്നിലെ നിരയിലാണ് ഇരുവരും ഇരുന്നത്. മഞ്ജു വാര്യർക്ക് സമീപം പൃഥ്വിരാജും ജയസൂര്യയും ഇരുന്നപ്പോൾ, അതേ നിരയിൽ ഒൻപത് സീറ്റുകൾ മാറിയായിരുന്നു ദിലീപിന്റെ ഇരിപ്പിടം. ചടങ്ങിലുടനീളം പരസ്പരം മുഖം കൊടുക്കാതെയും സംസാരിക്കാതെയും കൃത്യമായ അകലം പാലിക്കാൻ രണ്ടുപേരും ശ്രദ്ധിച്ചു. മഞ്ജു സഹപ്രവർത്തകരുമായി സജീവമായി സംസാരിച്ചപ്പോൾ, ദിലീപ് അല്പം മാറിനിൽക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. അതേസമയം, പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഉൾപ്പെടെയുള്ള താരങ്ങൾ ഇരുവരുമായും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.
2015-ൽ ഔദ്യോഗികമായി വേർപിരിഞ്ഞതിന് ശേഷം അപൂർവ്വമായി മാത്രമാണ് ഇരുവരും ഒരേ പൊതുവേദികളിൽ എത്തിയിട്ടുള്ളത്. മുൻപ് സംഘടനകളുടെ ഒത്തുചേരലുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അന്നൊക്കെയും ഇതേ രീതിയിൽ പരസ്പരം അകലം പാലിച്ചിരുന്നു. വേർപിരിയലിനു ശേഷം മഞ്ജു വാര്യർ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും കരിയറിൽ സജീവമാവുകയും ചെയ്തു. പിന്നീട് നടി കാവ്യ മാധവനെ വിവാഹം കഴിച്ച ദിലീപ് കുടുംബത്തോടൊപ്പം കഴിയുകയാണ്.
കുഞ്ചാക്കോ ബോബൻ, നരേൻ, നവ്യാ നായർ, അദിതി രവി, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മുൻ താരദമ്പതികൾ ഒരേ പരിപാടിയിൽ എത്തിയ വിവരങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.