‘എനിക്ക് നല്ലത് നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്’; വിവാഹം രഹസ്യമാക്കി വച്ചതിന്റെ കാരണം പറഞ്ഞ് നടി

','

' ); } ?>

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് തമിഴ് നടൻ ഭുവനേഷുമായി നടന്ന വിവാഹവാർത്ത എന്തുകൊണ്ട് മുൻകൂട്ടി വെളിപ്പെടുത്തിയില്ല എന്നതിൽ വിശദീകരണവുമായി നടി അനുമോൾ. തനിക്ക് നല്ലത് നടക്കരുതെന്ന് ആഗ്രഹിക്കുന്നവരും മുൻവിധികളോടെ വാർത്തകൾ ചമയ്ക്കുന്നവരും ഉള്ളതുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ പൂർത്തിയായ ശേഷം മാത്രം വിവരം പുറത്തുവിട്ടതെന്ന് താരം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം മനസ്സ് തുറന്നത്.

സന്തോഷകരമായ കാര്യങ്ങൾ മുൻകൂട്ടി കൊട്ടിഘോഷിച്ച് നടത്തുമ്പോൾ നെഗറ്റീവ് ചിന്തകളോടെ സമീപിക്കുന്നവർ ഉണ്ടാകാമെന്നും, ലഭിക്കുന്ന സന്തോഷ നിമിഷങ്ങൾ തടസ്സങ്ങളില്ലാതെ ആഘോഷിക്കാനാണ് ആഗ്രഹിച്ചതെന്നും അനുമോൾ പറഞ്ഞു. തനിക്കെതിരെ തെറ്റായ കാര്യങ്ങൾ എഴുതിയുണ്ടാക്കുന്നവർ ഉള്ളതിനാലാണ് കാര്യങ്ങൾ രഹസ്യമാക്കി വെച്ചതെന്നും, ആരും തെറ്റിദ്ധരിക്കരുതെന്നും താരം അഭ്യർത്ഥിച്ചു. തങ്ങളുടെ പുതിയ ജീവിതത്തിന് എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും താരം വീഡിയോയിൽ കൂട്ടിച്ചേർത്തു.

“ഇത് ഭുവനേഷ്. അറേഞ്ചഡ് മാരേജ് ആണോ ലൗ മാരേജ് ആണോ എന്നൊക്കെ ഞാൻ പറയാം. എല്ലാ കാര്യങ്ങളും വഴിയേ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും അനു​ഗ്രഹവുമൊക്കെ എപ്പോഴും വേണം.

ഭുവനേഷ് കുറച്ചേ സംസാരിക്കുകയുള്ളൂ. ഞങ്ങൾ ഇന്നലെയും ഇന്നുമൊന്നും ഉറങ്ങിയിട്ടില്ല. വെളുപ്പിന് 12 മണിക്ക് റെഡിയാകാൻ കയറിയതാണ്. നാല് മണിക്കാണ് ഞങ്ങൾ ക്ഷേത്രത്തിലെത്തിയത്. കല്യാണം നേരത്തെ പറയാത്തത് എന്താണെന്ന് ഒക്കെ കുറേ പേർ ചിന്തിക്കും. അത് എന്താണെന്ന് വച്ചാൽ, ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ.

അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്ന് എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ഉള്ള സമയം ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം. ആദ്യമേ എല്ലാവരോടും പറയാതെ അവസാനം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു.

അതുകൊണ്ടാണ് എല്ലാം കഴി‍‍ഞ്ഞ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്. എനിക്ക് നല്ലത് നടക്കണമെന്നും മോശം വിചാരിക്കണമെന്നും ആ​ഗ്രഹിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. അതുകൊണ്ടാണ്. എല്ലാവർക്കും നന്ദി”. – അനുമോൾ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു അനുമോളുടെയും ഭുവനേഷിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ നടനും എംപിയുമായ സുരേഷ് ഗോപിയും നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. സോഷ്യൽ മീഡിയയിലൂടെ അനുമോൾ പങ്കുവെച്ച വിവാഹ ചിത്രങ്ങൾക്ക് താഴെ സിനിമാ-സീരിയൽ രംഗത്തെ സഹപ്രവർത്തകരും ആരാധകരും ആശംസാപ്രവാഹവുമായെത്തി.

‘സ്റ്റാർ മാജിക്’ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയായ തിരുവനന്തപുരം സ്വദേശിയായ അനുമോൾ, ‘പാടാത്ത പൈങ്കിളി’ ഉൾപ്പെടെയുള്ള പരമ്പരകളിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ബിഗ് ബോസ് മലയാളം സീസൺ 7 കിരീടവും സ്വന്തമാക്കിയ താരം ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘മഹേഷും മാരുതിയും’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.