
നടി നയൻതാര തല മൊട്ടയടിച്ച് ക്ഷേത്രദർശനം നടത്തുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. തന്റെ പുതിയ ചിത്രമായ ‘ടോക്സിക്കി’ന്റെ വിജയത്തിനായി താരം തല മുണ്ഡനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എക്‌സിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളാണിതെന്നാണ് വാസ്തവം.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ പകർത്തിയ യഥാർത്ഥ ചിത്രങ്ങളും വീഡിയോകളുമാണ് എ.ഐ ഉപയോഗിച്ച് രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചത്. താരം തന്റെ ഹെയർ സ്റ്റൈലിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
കന്നഡ താരം യാഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ടോക്സിക്’ എന്ന വൻകിട ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പാണ് ഈ എ.ഐ ചിത്രങ്ങൾ പുറത്തുവന്നത്. കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിലെത്തുന്നത്. സാധാരണയായി സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കടുക്കാത്ത നയൻതാര, യാഷിന്റെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
‘ടോക്സിക്കി’ന് ശേഷം ബോളിവുഡ് ചിത്രത്തിലേക്കാണ് നയൻതാര കടക്കുന്നത്. സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിൽ വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലാണ് താരം അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്റ്റും വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.