
അഭിമുഖങ്ങളിലടക്കം സ്ത്രീകൾ നേരിടുന്ന വിവേചനപരമായ ചോദ്യങ്ങളെയും കാഴ്ചപ്പാടുകളെയും വിമർശിച്ച് നടി മുത്തുമണി സോമസുന്ദരൻ. അഭിമുഖങ്ങളിൽ നടന്മാരോട് ഗൗരവമാർന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ, സ്ത്രീകൾക്ക് ഡയറ്റിനെയും സൗന്ദര്യസംരക്ഷണത്തെയും കുറിച്ചുള്ള ചോദ്യങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കൊച്ചി കേന്ദ്രീകരിച്ച് ലിംഗനീതിക്കായി പ്രവർത്തിക്കുന്ന ‘റെയ്‌സിങ് ഔർ വോയ്‌സസ് ഫൗണ്ടേഷൻ’ സംഘടിപ്പിച്ച സംവാദത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
‘പുരോഗമന കുടുംബങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പുരുഷാധിപത്യം’ എന്ന വിഷയത്തിലായിരുന്നു ചർച്ച. സിനിമയിൽ വ്യക്തിപരമായി ലിംഗവിവേചനം നേരിട്ടിട്ടില്ലെങ്കിലും, സമൂഹത്തിൽ സ്ത്രീകളോടുള്ള സമീപനം പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മുത്തുമണി പറഞ്ഞു. മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള പ്രമേയങ്ങൾ ഇപ്പോഴും വളരെ കുറവാണെന്ന യാഥാർഥ്യവും അവർ ഓർമ്മിപ്പിച്ചു.
സമൂഹത്തിന്റെ പ്രധാന പ്രശ്നം പല കാര്യങ്ങളിലുമുള്ള അറിവില്ലായ്മയാണെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ജിയോ ബേബി പറഞ്ഞു. ചിന്താശേഷിയും തിരിച്ചറിവുമുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ പാഠ്യപദ്ധതിയിൽ തന്നെ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പല മേഖലകളിലും ഇപ്പോൾ നിശ്ശബ്ദമായ ഒരു വിപ്ലവം നടക്കുന്നുണ്ടെന്നും മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നും സംവിധായകൻ പി.ആർ. അരുൺ അഭിപ്രായപ്പെട്ടു.
രാജശ്രീ രാധാകൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ മിനി തോമസ് സ്വാഗതം ആശംസിച്ചു.