
‘ദി സബർമതി റിപ്പോർട്ട്’ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ തനിക്ക് കടുത്ത സൈബർ ആക്രമണങ്ങളും വ്യക്തിപരമായ ഭീഷണികളും നേരിടേണ്ടി വന്നതായി ബോളിവുഡ് താരം വിക്രാന്ത് മാസി. തന്റെ വാട്സാപ്പ് നമ്പറും കാർ നമ്പറും വരെ സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയെന്നും കുടുംബത്തിന് നേരെ പോലും ഭീഷണികൾ ഉണ്ടായെന്നും താരം തുറന്നുപറഞ്ഞു.
ശേഖർ സുമൻ നയിച്ച ടോക്ക് ഷോയിലാണ് സൈബർ അധിക്ഷേപങ്ങൾ തന്റെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്ന് വിക്രാന്ത് വെളിപ്പെടുത്തിയത്. ചിത്രം ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ആരോപിച്ചായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള ആക്രമണം. മകൻ ജനിച്ച് ആറുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചതെന്നും, എന്നാൽ പിന്നീട് ഇത്തരക്കാർ ഭീരുക്കളാണെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2002 ഫെബ്രുവരി 27-ന് ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീപിടിച്ച് 59 പേർ മരിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച പൊളിറ്റിക്കൽ ത്രില്ലറാണ് ‘ദി സബർമതി റിപ്പോർട്ട്’. ധീരജ് സർണ സംവിധാനം ചെയ്ത് 2024 നവംബർ 15-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സമർ കുമാർ എന്ന മാധ്യമപ്രവർത്തകന്റെ വേഷമാണ് വിക്രാന്ത് അവതരിപ്പിച്ചത്. റാഷി ഖന്ന, റിധി ദോഗ്ര എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അതേസമയം, വിവാദങ്ങൾക്കിടയിലും അഭിനയരംഗത്ത് സജീവമായ വിക്രാന്ത് മാസിയുടെ ഏറ്റവും പുതിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘മുസാഫിർ കഫേ’ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടി മുന്നേറുന്നത്. ഇതിലെ ‘ചന്ദർ’ എന്ന കഥാപാത്രത്തിന് വലിയ പ്രശംസ ലഭിച്ചതോടെ, പരമ്പരയുടെ രണ്ടാം സീസണിലേക്കും നെറ്റ്ഫ്ലിക്സ് കരാർ പുതുക്കിക്കഴിഞ്ഞു.