
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കാത്തതിനാലാണ് അന്തരിച്ച ആരാധകന്റെ സംസ്കാരച്ചടങ്ങിൽ നിന്ന് മാറിനിന്നതെന്ന് കന്നഡ താരം യഷ്. ഇത്തരം പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ അപകടകരമായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നും മറ്റുള്ളവർ ഇത് അനുകരിക്കാൻ ഇടയാക്കുമെന്നും നടൻ വ്യക്തമാക്കി. ഇന്ത്യ ടി.വിയുടെ പ്രശസ്ത അഭിമുഖ പരിപാടിയായ ‘ആപ് കീ അദാലതി’ലായിരുന്നു മുൻപ് നടന്ന സംഭവത്തിൽ യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ അവിടെ പോയാൽ, ഇതുപോലെയെന്തെങ്കിലും ചെയ്താൽ യഷ് വരും എന്ന ചിന്താഗതി മറ്റുള്ളവരിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നടൻ ചൂണ്ടിക്കാട്ടി. ഒരു ദുരന്തം സംഭവിച്ച ശേഷം സംസ്കാരച്ചടങ്ങിൽ പങ്കെടുത്തതുകൊണ്ട് ആ വ്യക്തിക്ക് ഒരു പ്രയോജനവുമില്ല. എന്നാൽ ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ച് തന്നെ കാണാൻ ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക് പോകാൻ താൻ പരമാവധി ശ്രമിക്കുമെന്നും, മരണത്തെ മഹത്വവത്കരിക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സാമൂഹിക ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി യഷ് വ്യക്തമാക്കി.
2021 ഫെബ്രുവരിയിലാണ് കർണാടകയിലെ മാണ്ഡ്യ കൊടിദൊഡ്ഡി ഗ്രാമവാസിയായ രാമകൃഷ്ണ (25) എന്ന ആരാധകൻ ആത്മഹത്യ ചെയ്തത്. തന്റെ അവസാനച്ചടങ്ങുകളിൽ നടൻ യഷും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കണമെന്ന് രാമകൃഷ്ണ എഴുതിവെച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്നത്തെ സംഭവത്തിൽ സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും യഷ് ബോധപൂർവം വിട്ടുനിൽക്കുകയായിരുന്നു.
അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്‌സ്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് യഷ് ഇപ്പോൾ. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും.