‘ഈ മനുഷ്യൻ 12 വർഷം മുൻപേ എന്നോടിത് പറഞ്ഞിട്ടുണ്ട്’; നിവിൻ പോളിയുടെ വീഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

','

' ); } ?>

സെന്റ് തെരേസാസ് കോളേജിൽ നടൻ നിവിൻ പോളി പെൺകുട്ടികൾക്കായി നൽകിയ പ്രസംഗം പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ. നിവിന്റെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അനുപമ കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ‘ഈ മനുഷ്യൻ എന്നോടിത് 12 വർഷം മുൻപേ പറഞ്ഞിട്ടുണ്ട്’ എന്ന പ്രത്യേക കുറിപ്പോടെയാണ് അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിവിൻ പോളിയെ ടാഗ് ചെയ്തുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

തന്റെ പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ പ്രചാരണാർത്ഥം കോളേജിലെത്തിയപ്പോഴായിരുന്നു വിദ്യാർഥിനികളെ പ്രചോദിപ്പിച്ചുകൊണ്ട് നിവിൻ സംസാരിച്ചത്. സമൂഹം അറിഞ്ഞോ അറിയാതെയോ പെൺകുട്ടികളുടെമേൽ അടിച്ചേൽപ്പിക്കുന്ന അനാവശ്യ നിയന്ത്രണങ്ങളെയും വിലക്കുകളെയും കുറിച്ച് താരം സംസാരിച്ചു. പെൺകുട്ടികൾക്ക് ഓടിയെത്താൻ കഴിയാത്ത ദൂരങ്ങളോ എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളോ ഇല്ലെന്ന് ഓർമ്മിപ്പിച്ച നിവിൻ, സ്വന്തം ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ധൈര്യത്തോടെ മുന്നോട്ടുപോകണമെന്നും ആഹ്വാനം ചെയ്തു. വീട്ടിൽനിന്നും ഹോസ്റ്റലുകളിൽനിന്നും നേരിടുന്ന അനാവശ്യ നിയന്ത്രണങ്ങളെ മറികടന്ന് സ്വന്തം ജീവിതം സന്തോഷത്തോടെ ആസ്വദിക്കാൻ വിദ്യാർഥിനികളോട് ആവശ്യപ്പെടുന്ന നിവിന്റെ വാക്കുകൾക്ക് വലിയ കൈയടിയാണ് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട കടുത്ത പ്രതിസന്ധികളെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും അനുപമ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ അഭിമുഖത്തിനു പിന്നാലെയാണ്, തനിക്ക് സിനിമയിൽ വഴി കാട്ടിയായ നിവിന്റെ പഴയ ഉപദേശങ്ങൾ ഓർത്തെടുത്തുകൊണ്ട് അനുപമ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമ’ത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അനുപമ, ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ്.