
‘ബൈസൺ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തമിഴ് സിനിമയിൽ സ്വന്തമായൊരു ഇടം ഉറപ്പിച്ചിരിക്കുകയാണ് നടൻ ധ്രുവ് വിക്രം. പിതാവും സൂപ്പർതാരവുമായ ചിയാൻ വിക്രമിനൊപ്പമുള്ള വീഡിയോകളിലൂടെയും കുട്ടിത്തം നിറഞ്ഞ പെരുമാറ്റത്തിലൂടെയും ശാന്തനും തമാശക്കാരനുമായ ഒരു വ്യക്തിയായാണ് ആരാധകർ ധ്രുവിനെ കാണാറുള്ളത്. എന്നാൽ, തികച്ചും വ്യത്യസ്തമായ തന്റെ മറ്റൊരു സ്വഭാവത്തെ കുറിച്ച് ധ്രുവ് തുറന്നുപറയുന്ന പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
തന്റെ മുൻകോപത്തെ കുറിച്ചും അത് നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുമാണ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്. എനിക്ക് ദേഷ്യം പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയാറില്ലെന്നും, അത് കൈകാര്യം ചെയ്യുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്നുമാണ് ധ്രുവ് വെളിപ്പെടുത്തിയത്. എന്നാൽ പരമ്പരാഗത മെഡിറ്റേഷൻ രീതികൾക്ക് പകരം, കണ്ണുകളടച്ച് കുറച്ചുസമയം നിശബ്ദനായിരുന്ന് സ്വയം പ്രചോദിപ്പിച്ചാണ് ഇപ്പോൾ ദേഷ്യത്തെ നിയന്ത്രിക്കാൻ പരിശീലിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. ധ്രുവിന്റെ ഈ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
അച്ഛന്റെ സിനിമാ ലെഗസി പിന്തുടർന്നാണ് എത്തിയതെങ്കിലും ധ്രുവിന്റെ കരിയർ തുടക്കം അത്ര സുഗമമായിരുന്നില്ല. 2008-ൽ പാണ്ഡിരാജ് സംവിധാനം ചെയ്ത ‘പസങ്ക’ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, അന്ന് മകൻ അഭിനയിക്കുന്നതിൽ വിക്രമിന് താല്പര്യമുണ്ടായിരുന്നില്ല. പിന്നീട് മെറ്റ് ഫിലിം സ്കൂളിൽ നിന്ന് ഫിലിം മേക്കിങ് കോഴ്സ് പൂർത്തിയാക്കുകയും ‘ഗുഡ് നൈറ്റ് ചാർലി’ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായകനായി ശ്രദ്ധ നേടുകയും ചെയ്ത ശേഷമാണ് ധ്രുവ് പ്രധാന സിനിമകളിലേക്ക് ചുവടുവെക്കുന്നത്.
ബാല സംവിധാനം ചെയ്ത ‘വർമ്മ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും നിർമ്മാതാക്കളുമായുള്ള തർക്കങ്ങൾ കാരണം ചിത്രം പ്രതിസന്ധിയിലായി. തുടർന്ന് ഗിരീസായയുടെ സംവിധാനത്തിൽ ‘ആദിത്യ വർമ്മ’ എന്ന പേരിൽ ചിത്രം പുനർനിർമ്മിച്ച് റിലീസ് ചെയ്തതോടെയാണ് ധ്രുവ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അഭിനയിച്ച ‘മഹാൻ’, ഒടുവിലിറങ്ങി തിയേറ്ററുകളിൽ തരംഗമായ ‘ബൈസൺ’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം ധ്രുവിന് വലിയ തോതിലുള്ള നിരൂപക പ്രശംസയും പുരസ്കാരങ്ങളുമാണ് നേടിക്കൊടുക്കുന്നത്.