
തമിഴ് സിനിമയിലെ സാഹസിക ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ സംഭവിച്ച അപകടങ്ങളിൽ തന്റെ ശരീരത്തിൽ ആകെ നൂറ്റിമുപ്പതോളം തുന്നിക്കെട്ടുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ വിശാൽ. കൈയ്യിലും കാലിലും ഇടുപ്പിലുമൊക്കെയായി സംഭവിച്ച മാരക പരിക്കുകളെക്കുറിച്ചും അതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയായിരുന്നു താരം. സാധാരണ സിനിമാതാരങ്ങൾ നൂറാമത്തെ ചിത്രം ആഘോഷമാക്കുമ്പോൾ, താൻ ശരീരത്തിൽ നൂറാമത്തെ സ്റ്റിച്ച് ഇട്ടപ്പോഴാണ് സുഹൃത്തുക്കൾക്ക് പാർട്ടി നൽകിയതെന്നും വിശാൽ രസകരമായി ഓർത്തെടുത്തു.
ആക്ഷൻ രംഗങ്ങൾ ചെയ്യാനാണ് തനിക്കിഷ്ടമെങ്കിലും, പഴയതുപോലെ സ്വന്തം ശരീരം നോക്കാതെ ഇനി റിസ്ക് എടുക്കില്ലെന്നും താരം വ്യക്തമാക്കി. ജീവിതത്തിലേക്ക് തനിക്കൊപ്പം ഒരാൾ കൂടി വരാനിരിക്കുന്നു എന്ന തിരിച്ചറിവും പുതിയ ഉത്തരവാദിത്തങ്ങളുമാണ് സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ നടനെ പ്രേരിപ്പിക്കുന്നത്. തിയേറ്ററിലെ വിസിലടിയും കൈയടിയുമാണ് തനിക്ക് ആവേശമെങ്കിലും ബോഡി ഡ്യൂപ്പിനെ ഉപയോഗിക്കാത്തതിന് പിന്നിലെ കഥയും താരം പങ്കുവെച്ചു. ഇടക്കാലത്ത് തനിക്കൊരു ബോഡി ഡബിൾ ഉണ്ടായിരുന്നെങ്കിലും പൊങ്കലും കഴിച്ച് ഉറങ്ങി അയാൾക്ക് തന്റെ ഇരട്ടി വണ്ണം വച്ചതോടെ, മര്യാദയ്ക്ക് ജിമ്മിൽ പോയി തടി കുറച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞ് അയാളെ മടക്കി അയക്കുകയായിരുന്നു.
അതേസമയം, ആരാധകരും സായി ധൻഷിക അടക്കമുള്ള അടുത്ത സുഹൃത്തുക്കളും നിരന്തരം ചോദിക്കുന്ന വിവാഹ കാര്യത്തിലും വിശാൽ മനസ്സ് തുറന്നു. കഴിഞ്ഞ ഒൻപത് വർഷമായി നൽകുന്ന അതേ മറുപടി തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് വിവാഹമുണ്ടാകും. പലരും ഇൻവെസ്റ്റ് ചെയ്തതിനാലാണ് നിർമ്മാണത്തിന് ഇത്രയും കാലതാമസം നേരിട്ടതെന്നും ഇപ്പോൾ ഫർണിച്ചർ ജോലികൾ അവസാന ഘട്ടത്തിലാണെന്നും, പണി പൂർത്തിയായാൽ ഉടൻ വിവാഹമുണ്ടാകുമെന്നും വിശാൽ കൂട്ടിച്ചേർത്തു.