
ഭാര്യ സീത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിമർശകയും തണലുമാണെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകൻ ശരത്. ടൗൺ ഹൗസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ശരത് മനസ്സുതുറന്നത്. സംഗീതത്തിലൂടെ വളർന്ന സൗഹൃദമാണ് തങ്ങളുടേതെന്ന് ശരത് ഓർത്തെടുക്കുന്നു. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ കണ്ണൂർ രാജൻ മാസ്റ്ററുടെ വീട്ടിൽ പാട്ട് പാടി കേൾപ്പിക്കാൻ സ്ഥിരമായി പോയിരുന്ന കാലത്താണ് സീതയെ ആദ്യമായി ശ്രദ്ധിക്കുന്നത്. താൻ പാടുമ്പോൾ വന്നുനിൽക്കാറുള്ള സീതയെ കാണാൻ വേണ്ടിയാണ് പിന്നീട് മാഷില്ലാത്ത സമയത്തും അങ്ങോട്ട് പതിവായി പോയിരുന്നതെന്ന് ശരത് രസകരമായി പങ്കുവെച്ചു.
തന്റെ സ്വഭാവത്തെ സഹിക്കുക എളുപ്പമല്ലെന്നും വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഇതിനോടകം നിരവധി തവണ വിവാഹമോചനം നടക്കുമായിരുന്നു എന്നും ശരത് തമാശരൂപേണ പറഞ്ഞു. എല്ലാ തെറ്റുകളും പൊറുത്ത് ഒപ്പം നിൽക്കുന്ന സീതയോട് അതിരറ്റ സ്നേഹമാണുള്ളത്. സ്വന്തം അമ്മയെപ്പോലെ തന്നെയാണ് തന്റെ കുഞ്ഞിന്റെ അമ്മയായ സീതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരത്തിന്റെ വാക്കുകൾ;
“കണ്ണൂർ രാജൻമാഷിന്റെ അടുത്ത് പോവുക. എല്ലാ ദിവസവും പാട്ട് പാടി കേൾപ്പിക്കുക.
ഒരു തവണ പാടി കേട്ടാൽ അദ്ദേഹത്തിന് മനസിലാകും. പിന്നെയും പിന്നെയും പാടി കേൾപ്പിച്ച്. പിന്നെ പിന്നെ എന്തോ ഒരു സുഖം അവിടെ പോകാൻ. ഞാൻ പാടുമ്പോൾ ഇവൾ വന്ന് നിൽക്കുകയും ചെയ്യും. കൊള്ളാലോ, നല്ല സുഖമുള്ള ഏർപ്പാടാണല്ലോ എന്ന് എനിക്ക് തോന്നി. പിന്നെ മാഷില്ലെങ്കിലും അവിടെ പോകാൻ തുടങ്ങി. മാഷ് ഇല്ലെങ്കിലാ അവിടെ കൂടുതൽ പോകാറ്.
എന്റെ ഒരു ഭാഗ്യം എന്ന് പറയുന്നത് സീത തന്നെയാണ്. കാരണം എന്നെ സഹിക്കുന്നത് വലിയ പാടാണ്. വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പോൾ 112 തവണ ഡിവോഴ്സ് നടന്നേനെ. ഇവൾ എന്നെ സഹിച്ച് എന്റെ തെറ്റുകളൊക്കെ പൊറുത്ത്, പോട്ടെ എന്ന് വിചാരിച്ച് നിൽക്കുവാണ്. എനിക്കും അത്രയും സ്നേഹമുണ്ട്. സ്നേഹത്തിന്റെ കാര്യത്തിൽ കോപ്രമൈസ് ഒന്നുമില്ല. എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്.
കുറേ ഇഷ്ടമാണ്. അതുപോലെ തന്നെ എന്റെ കുഞ്ഞിന്റെ അമ്മയെയും എനിക്ക് ഇഷ്ടമാണ്. അത്രയേ ഉള്ളൂ. അതുപോലെ അവളെന്റെ ഭയങ്കര വിമർശകയാണ്. നമ്മളൊരു പാട്ട് ചെയ്താൽ, പിന്നെ അത് കേട്ട് കഴിഞ്ഞാൽ നമ്മുടെ അടുത്ത് ദേഷ്യപ്പെടുകയൊക്കെ ചെയ്യും. ‘ഇത് കൊള്ളത്തില്ല ശരത്തേട്ടാ. ഭയങ്കര വൃത്തികേട്’.
അങ്ങനെ പറയുന്ന ഒരാളാണ്. ഞാൻ പറയും, ‘ഇതങ്ങനെയല്ല, റെക്കോർഡ് ചെയ്ത് വരുമ്പോൾ ഇത് നല്ലതായിരിക്കും’. അതിലൊന്നും അവൾക്ക് വിശ്വാസമില്ല. അങ്ങനെ ഒരുവട്ടം പറഞ്ഞതു കൊണ്ട് പാട്ട് സൂപ്പർ ഹിറ്റായാൽ അത് സമ്മതിച്ചും തരത്തില്ല. അത് കൊള്ളത്തില്ല, അത് എങ്ങനെയോ ഹിറ്റായി എന്ന് പറയും”.