
തമിഴ് സിനിമയിൽ വിജയ് അഭിനയം നിർത്തിയതോടെ രൂപപ്പെട്ട ശൂന്യത നികത്താൻ നടൻ സൂര്യക്ക് മാത്രമേ സാധിക്കൂ എന്ന് പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് രവി. സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെ, ഹൈദരാബാദിൽ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൈത്രി മൂവി മേക്കേഴ്സ് സാരഥികളിൽ ഒരാളായ അദ്ദേഹം.
തമിഴ്നാട് രാഷ്ട്രീയം ഒരു നല്ല നേതാവിനായി കാത്തിരിക്കുകയായിരുന്നുവെന്നും വിജയിയുടെ വരവോടെ ആ കുറവ് പരിഹരിക്കപ്പെട്ടുവെന്നും രവി അഭിപ്രായപ്പെട്ടു. എന്നാൽ, സിനിമാരംഗത്ത് വിജയ് സൃഷ്ടിച്ച ഒഴിവ് നികത്താൻ നിലവിൽ ഏറ്റവും യോഗ്യൻ സൂര്യയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യയുടെ മുൻ ചിത്രം ‘കറുപ്പ്’ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം 83 കോടി രൂപ ഷെയർ നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. ഈ നേട്ടം അത്ഭുതപ്പെടുത്തുന്നതാണെന്നും തമിഴകത്ത് സൂര്യക്കുള്ള ജനപ്രീതിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘ലക്കി ഭാസ്കർ’ എന്ന സൂപ്പർഹിറ്റിന് ശേഷം വെങ്ക് അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായികയായി എത്തുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനിശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.