“അയാളുടെ സെക്സ് ഡ്രൈവ് ഇല്ലാതെയായി പോകും, അന്നത് ക്രിമിനൽ കുറ്റമായിരുന്നു”; സഞ്ജയ്

','

' ); } ?>

‘മുംബൈ പൊലീസ്’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച എസിപി ആന്റണി മോസസ് എന്ന കഥാപാത്രത്തിന്റെ സങ്കീർണമായ മാനസിക-നിയമപരമായ അവസ്ഥകളെക്കുറിച്ച് സംസാരിച്ച് തിരക്കഥാകൃത്ത് സഞ്ജയ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ് കൈകാര്യം ചെയ്ത സ്വവർഗാനുരാഗിയായ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്ര നിർമിതിയെക്കുറിച്ച് ‘പോർട്രയൽസ് ബൈ ഗദ്ദാഫി’ എന്ന പോഡ്കാസ്റ്റിലാണ് സഞ്ജയ് വ്യക്തത വരുത്തിയത്.

ചിത്രത്തിൽ വലിയൊരു അപകടത്തിന് ശേഷം ഓർമ നഷ്ടപ്പെടുന്ന ആന്റണി മോസസിന് തന്റെ ലൈംഗികത പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിന് പിന്നിൽ കൃത്യമായ മാനസികവും ശാരീരികവുമായ കാരണങ്ങളുണ്ടെന്ന് സഞ്ജയ് പറയുന്നു. ഗുരുതരമായ അപകടങ്ങൾ സംഭവിക്കുമ്പോൾ വ്യക്തികളുടെ ‘സെക്സ് ഡ്രൈവ്’ താത്കാലികമായി ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥയിൽ താൻ ഏത് വിഭാഗത്തിൽപ്പെട്ട ആളാണെന്ന് തിരിച്ചറിയാൻ അയാൾക്ക് സാധിച്ചെന്നു വരില്ല. എങ്കിലും അയാളിലെ പ്രൊഫഷണൽ വൈദഗ്ധ്യവും സാമൂഹിക ബോധവും നഷ്ടപ്പെടുന്നില്ല. സൊസൈറ്റി നിർമിച്ചുവെച്ചിരിക്കുന്ന കാഴ്ചപ്പാടുകളെക്കുറിച്ച് ആ കഥാപാത്രത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു.

ചിത്രം റിലീസ് ചെയ്ത 2013 കാലഘട്ടത്തിൽ ഇന്ത്യയിൽ സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായിരുന്നുവെന്ന കാര്യവും സഞ്ജയ് ചൂണ്ടിക്കാട്ടുന്നു. താനൊരു നിയമപാലകനായിരിക്കെത്തന്നെ നിയമത്തിന് മുന്നിൽ ക്രിമിനൽ കൂടിയാണെന്ന ഭയം ആന്റണി മോസസ് എന്ന കഥാപാത്രത്തിനുണ്ടായിരുന്നു. അന്നത്തെ സമൂഹം ഇതിനെ കണ്ടിരുന്ന രീതിയും നിയമപരമായ തടസ്സങ്ങളുമാണ് സ്വന്തം വ്യക്തിത്വം മറച്ചുവെക്കാൻ അയാളെ പ്രേരിപ്പിച്ചത്. ഈ വിഷയത്തിൽ വലിയ വാദപ്രതിവാദങ്ങൾ നടന്നിരുന്ന കാലത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

അന്ന് ഒരു സൂപ്പർതാരം ഇത്തരം ഒരു കഥാപാത്രം ചെയ്താൽ നേരിടേണ്ടി വരുന്ന വിമർശനങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും പൃഥ്വിരാജ് ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. മലയാള സിനിമയിൽ സ്വവർഗാനുരാഗം പ്രമേയമാക്കി വന്ന ഏറ്റവും ശ്രദ്ധേയമായ ക്രൈം ത്രില്ലറുകളിലൊന്നായി ‘മുംബൈ പൊലീസ്’ മാറാൻ കാരണവും കഥാപാത്രത്തിന്റെ ഈ സങ്കീർണമായ പശ്ചാത്തലമാണെന്ന് സഞ്ജയ് വ്യക്തമാക്കി.

സഞ്ജയ്‌യുടെ വാക്കുകൾ;

‘മുംബൈ പൊലീസി’ൽ അപകടം നടന്നതിന് ശേഷമുള്ള കുറച്ചു ദിവസങ്ങളാണ് ആ സിനിമ. ആ ലെവലിലുള്ള ഒരു അപകടം നടന്നാൽ സെക്ഷ്വാലിറ്റി മറന്നു പോകുന്നതിനേക്കാൾ കൂടുതൽ സെക്സ് ഡ്രൈവ് ഒരാൾക്ക് ഇല്ലാതായി പോകും. ആ സെക്സ് ഡ്രൈവ് ഇല്ലാത്ത ഒരാൾക്ക് താൻ ഏത് ഇതിൽപ്പെട്ടതാണ് എന്ന് തിരിച്ചറിയാൻ പറ്റണം എന്നില്ല. അയാളുടെ സെക്സ് ഡ്രൈവ് ആണ് ഇല്ലാതായത്, ആ അപകടത്തിലും അതിന്റെ ആഘാതത്തിലും. ആ സെക്സ് ഡ്രൈവ് എന്നെന്നേക്കും ഇല്ലാതായിട്ടുമില്ല.

അതിൽ നിന്ന് തിരിച്ചുവരുമ്പോൾ അയാൾക്ക് അത് തിരിച്ചു കിട്ടും. ആ സമയത്തെ അയാളുടെ ഓർമ പോകൽ, അയാളുടെ ശാരീരികമായിട്ടുള്ള വ്യതിയാനങ്ങൾ ഇതെല്ലാം കൊണ്ട് അദ്ദേഹത്തിന്റെ മൈൻഡിലെ അവസാനത്തെ കാര്യമാണത്. അതയാളെ തിരിച്ച് ഓർമപ്പെടുത്താൻ വരുന്നതാണ് അയാളുടെ പാട്ണർ. സൊസൈറ്റി കണ്ടീഷൻ ചെയ്ത് വച്ചിരിക്കുന്നതിനെപ്പറ്റി ആ കാരക്ടർ വളരെ ബോധവാനാണ്.

അയാളുടെ സ്കില്ലുകൾ അയാൾ മറന്നു പോയിട്ടില്ല. അയാളുടെ ചില സോഷ്യൽ കാര്യങ്ങൾ അയാൾ മറന്നുപോയിട്ടില്ല. സൊസൈറ്റിയോടുള്ള രീതികൾ എങ്ങനെയാണെന്ന് മറന്നുപോയിട്ടില്ല. അതിൽപ്പെടുന്നതാണ് സമൂഹം ഹോമോ സെക്ഷ്വൽസിനോട് കാണിക്കുന്ന ഒരു മനോഭാവം. ആ മനോഭാവം ഉള്ളിടത്തോളം കാലം അയാളിലും അത് ചെറുതായിട്ടുണ്ട്.

ഒരുപക്ഷേ അപ്പോഴായിരിക്കും അയാളത് തിരിച്ചറിയുന്നത്. ആ മൊമന്റിലായിരിക്കും അയാളത് തിരിച്ചറിഞ്ഞത്. ഈ പറയുന്നതു പോലെ ആ സമയം വരെ അയാൾക്ക് സെക്സ് ഡ്രൈവ് ഇല്ല. അവിടെ അപരിചിതയായ ഒരു പെണ്ണ് വന്ന് തൊട്ടിരുന്നെങ്കിലും അയാൾ അത് തന്നെ ചെയ്തേനെ. മുംബൈ പൊലീസിനെ പറ്റി പറയുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം, ഞങ്ങളെ ​ഗേ ആളുകളെക്കുറിച്ച് പറഞ്ഞതാണ്.

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്. അപ്പോൾ, ഒരു പൊലീസ് ഓഫീസർ ഞാനൊരു ക്രിമിനൽ ആണെന്നതും കൂടി അവിടെ മറച്ചു വയ്ക്കുന്നുണ്ട്. ഇത് പുറത്തറിഞ്ഞാൽ ഞാനൊരു ക്രിമിനൽ കൂടിയാണ്.

നമ്മുടെ സമൂഹം ആ കാലത്ത് ഇതിനെ കണ്ടു കൊണ്ടിരുന്ന രീതി വേറെയാണ്. ഞാൻ ചെയ്ത കുറ്റമായിട്ടേ അതിനെ കാണുകയുള്ളൂ. അന്ന് വാദങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. ‘മുംബൈ പൊലീസ്’ ഒക്കെ റിലീസ് ആയതിന് ശേഷമാണ് അത് കുറ്റമല്ലാതാകുന്നത്”