
തനിക്ക് ഇപ്പോൾ ഉദ്ഘാടനങ്ങൾ കുറവാണെന്നും അതോടെ ആ വഴിക്കുള്ള വരുമാനവും നിലച്ചെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ്, മറ്റ് ജനപ്രതിനിധികൾക്കൊന്നുമില്ലാത്ത തന്റെ ജീവിതവഴികളെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
പഴയതുപോലെ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ ആരും വിളിക്കാറില്ലെങ്കിലും അതിൽ തനിക്ക് പരിഭവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൈവം നിശ്ചയിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വഴി നടക്കുമെന്നും, ഈ ചടങ്ങ് വീണ്ടും ഉദ്ഘാടകനായി മാറാനുള്ള ഒരു പുതിയ തുടക്കമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ജീവിതവുമായി കേരളത്തിലെ വിവിധ ജില്ലകൾക്കുള്ള അപൂർവ്വ ബന്ധത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ വിശദീകരിച്ചു. ആലപ്പുഴയിലെ തത്തമ്പള്ളിക്കടുത്തുള്ള തറവാട്ടിലാണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും കൊല്ലത്താണ്. മൂന്നാം വയസ്സിൽ കായലോളങ്ങളിൽ കളിക്കുന്നത് കണ്ട് ഭയന്നാണ് അച്ഛൻ കൊല്ലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. 32-ാം വയസ്സിൽ വിവാഹശേഷമാണ് ഭാര്യയുടെ നാടായ തിരുവനന്തപുരത്ത് എത്തുന്നത്. ഇപ്പോൾ എം.പിയായി ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് തൃശൂരിൽ നിന്നുമാണ്.
ആലപ്പുഴയിൽ ജനിച്ചു, കൊല്ലത്ത് വളർന്നു, തിരുവനന്തപുരത്ത് താമസമാക്കി, തൃശൂരിൽ നിന്ന് എം.പിയായി മാറിയ ഈ അപൂർവ്വ സവിശേഷത മറ്റേതെങ്കിലും ജനപ്രതിനിധിക്കുണ്ടോ എന്നും അദ്ദേഹം സദസ്സിനോടായി ചോദിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകൾ;
‘‘ഉദ്ഘാടനങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേക്കാലമായി ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല. ഇപ്പോൾ അതുവഴിയുളള വരുമാനവും നിലച്ചിരിക്കുകയാണ്. അതിൽ എനിക്ക് പരിഭവമില്ല. ദൈവം എന്തു നിശ്ചയിക്കുന്നോ അതു നടക്കും. ഇതുവഴിയല്ലെങ്കിൽ മറ്റേതെങ്കിലും വഴി അതുനടക്കും. ഈ ഉദ്ഘാടനം ഒരു തുടക്കമാണ്. ഉദ്ഘാടകനായി വീണ്ടും എത്താനുള്ള ഒരു തുടക്കമാകട്ടെ ഇതെന്നും ഞാൻ എനിക്ക് തന്നെ ആശംസിക്കുന്നു.
മറ്റൊരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്കും ഇല്ലാത്ത സവിശേഷത എനിക്കുണ്ട്. ഞാൻ ജനിച്ചത് ആലപ്പുഴയിലാണ്. അമ്മയുടെ വീട് തത്തപിള്ളിക്ക് തൊട്ടടുത്ത് കൃഷ്ണൻനായർ വാച്ച് കമ്പനിയുടെ വീടിന്റെ തൊട്ടു തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വലിയ പറമ്പിലുള്ള വീടായിരുന്നു ശിവസദനം എന്ന വീട്. അതൊന്നും ഇപ്പോൾ ഇല്ല. ജനിച്ചത് ആലപ്പുഴ ആണെങ്കിലും അമ്മയുടെ കുടുംബം വാലടിയിലാണ്. അപ്പൂപ്പൻ നാരകത്തറക്കാരനാണ്. കുട്ടനാട്ടുകാരനാണോ എന്നു ചോദിച്ചാൽ, ആലപ്പുഴ കുട്ടനാട്ടുകാരനല്ല കോട്ടയം കുട്ടനാട്ടുകാരനാണ്.
കൊല്ലത്താണ് പഠിച്ചതും വളർന്നതും. മൂന്നാം വയസ്സിൽ ഈ ഒതളങ്ങാക്കൂട്ടത്തിനു നടുക്കു നിന്ന്, ഏതാണ്ട് നെഞ്ചൊപ്പം നിന്ന്, ഓളങ്ങൾക്ക് ഒതളങ്ങ വച്ചു താളം പിടിച്ച് കളിക്കുന്നതു കണ്ട് ഭയന്ന് അച്ഛൻ എന്നെ കൊല്ലത്തേക്ക് കൊണ്ടുപോയി. അങ്ങനെ പഠിച്ചതും വളർന്നതും കൊല്ലത്താണ്. ഏതാണ്ട് കല്ല്യാണം കഴിഞ്ഞ് 32–ാം വയസ്സിലാണ് ഭാര്യയുടെ നാടായ തിരുവനന്തപുരത്ത് എത്തിയത്. എനിക്ക് എംപിയായി സ്ഥാനം തന്നത് തൃശൂരാണ്. ഈ സവിശേഷത മറ്റേതെങ്കിലും എംപിക്കോ എംഎൽഎയ്ക്കോ ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ടാകില്ല.’’