
വംശനാശഭീഷണി നേരിടുന്ന അപൂർവയിനം കുരങ്ങിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടൻ വിക്രം. പിന്നാലെ വിക്രമിന്റെ മകളുടെ ഭർതൃപിതാവും പ്രമുഖ വ്യവസായിയുമായ സി.കെ. രംഗനാഥനെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽ വിക്രം 24 മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പ്രമുഖ വ്യവസായ സ്ഥാപനമായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമായ രംഗനാഥന്റെ കൈവശമുള്ള ലാർ ഗിബ്ബൺ (Lar Gibbon) വിഭാഗത്തിൽപ്പെട്ട കുരങ്ങിന് നിയമപരമായ അനുമതിയില്ലെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പിന്റെ നടപടി.
അന്താരാഷ്ട്ര വന്യജീവി കച്ചവടവിരുദ്ധ ഉടമ്പടിയായ ‘സൈറ്റ്സ്’ (CITES), ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം കടുത്ത വംശനാശഭീഷണി നേരിടുന്നതും കേന്ദ്ര സംരക്ഷണമുള്ളതുമായ ജീവിവർഗമാണ് ലാർ ഗിബ്ബൺ. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കുരങ്ങിനെ കഴിഞ്ഞ ജൂണിൽ മണിപ്പൂരിൽ നിന്നാണ് വാങ്ങിയതെന്നാണ് ഉയർന്നുവരുന്ന വിവരങ്ങൾ. വനംവകുപ്പിന്റെ അന്വേഷണം പൂർത്തിയാകുന്നതോടെ മാത്രമേ ജീവിയെ എത്തിച്ചതിലെ നിയമവിരുദ്ധത സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
ഞായറാഴ്ചയാണ് വിക്രം കുരങ്ങുമൊത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ യോഗൻ കുലാലയുടെ നേതൃത്വത്തിലുള്ള സംഘം രംഗനാഥന്റെ വസതിയിലെത്തി അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ നടൻ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവായ മനു രഞ്ജിത്തിന്റെ പിതാവാണ് സി.കെ. രംഗനാഥൻ.