
സിനിമ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ മൂക്കുത്തി വിഴുങ്ങി പഞ്ചാബി നടിയും സോഷ്യൽ മീഡിയ താരവുമായ ഷെഹ്നാസ് ഗില്ലി. അരവിന്ദ് ഖൈറ സംവിധാനം ചെയ്യുന്ന ‘ഇഷ്ഖ്നാമ’ എന്ന പുതിയ പഞ്ചാബി ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അപകടം. ഓടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഓടുന്നതിനിടെ മൂക്കുത്തി ഊരി അപ്രതീക്ഷിതമായി വായിലേക്ക് വീഴുകയും തുടർന്ന് ഷെഹ്നാസിന് കഠിനമായ ചുമ അനുഭവപ്പെടുകയുമായിരുന്നു. ശ്വാസതടസ്സം നേരിട്ട താരത്തെ ഉടൻതന്നെ സഹനടൻ സൗരഭ് സച്ച്ദേവ പുറത്തുതട്ടി സഹായിക്കുന്നതും വീഡിയോയിലുണ്ട്. ഈ ഭയപ്പെടുത്തുന്ന നിമിഷങ്ങളുടെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ ഷെഹ്നാസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ താരത്തിന്റെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതോടൊപ്പം തന്നെ സ്വന്തം ആരോഗ്യത്തിലും സുരക്ഷയിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരാധകർ ഓർമ്മിപ്പിക്കുന്നു.
ഇന്ത്യൻ പഞ്ചാബിലെ ഒരു സിഖ് വിദ്യാർത്ഥിയും പാകിസ്ഥാനിൽ നിന്നുള്ള മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള ആഴത്തിലുള്ള പ്രണയകഥ പറയുന്ന ഒരു പീരിയഡ് റൊമാന്റിക് ഡ്രാമയാണ് ‘ഇഷ്ഖ്നാമ’. ഷെഹ്നാസ് ഗില്ലിനൊപ്പം ജയ് രൺധാവ, അഞ്ജും ബത്ര, മഹൻബീർ ഭുള്ളർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, വരുന്ന സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തുന്ന ‘സിംഗ് വേഴ്സസ് കൗർ 2’ ആണ് ഷെഹ്നാസിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം.