
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷ വാദപ്രതിവാദങ്ങൾ. ബോളിവുഡ് ചിത്രം ‘അനിമലി’ന്റെ അനുകരണമാണ് ടോക്സിക് എന്ന ആരോപണവുമായാണ് ഒരു വിഭാഗം സിനിമാ പ്രേമികൾ രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ദൃശ്യങ്ങൾക്കും കഥാപാത്രസൃഷ്ടിക്കും രൺബീർ കപൂർ ചിത്രമായ അനിമലുമായി അടുത്ത സാദൃശ്യമുണ്ടെന്നാണ് പ്രധാന വിമർശനം.
ട്രെയിലറിലെ ചില ആക്ഷൻ രംഗങ്ങളും യഷിന്റെ ലുക്കും അനിമലിനെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ വിമർശകർ കുറിക്കുന്നു. പ്രത്യേകിച്ച് ട്രെയിലറിൽ യഷിനെ നഗ്നനായി കാണിക്കുന്ന രംഗം രൺബീർ കപൂർ ചിത്രത്തിൽ നിന്ന് നേരിട്ട് പകർത്തിയതാണെന്നാണ് പ്രധാന ആരോപണം. രൺബീറിനെ അനുകരിക്കാനുള്ള ശ്രമത്തിൽ യഷ് പരാജയപ്പെട്ടുവെന്ന് ചിലർ പരിഹസിക്കുമ്പോൾ, ഈ ആരോപണങ്ങളെ തള്ളി യഷ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ ‘മാസ് അനിമൽ’ എന്താണെന്ന് സ്ക്രീനിൽ യഷ് കാട്ടിത്തരുമെന്നാണ് ആരാധകരുടെ മറുപടി.
മേക്കിംഗിലെ സാദൃശ്യങ്ങൾക്ക് പുറമെ, പ്രമേയപരമായ സമാനതകളും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. സന്ദീപ് റെഡ്ഡി വാംഗയുടെ ‘അനിമൽ’ അച്ഛനും മകനും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ഫാന്റസി ഗ്യാങ്സ്റ്റർ വിഭാഗത്തിൽപ്പെടുന്ന ടോക്സിക്കും അച്ഛൻ-മകൻ ബന്ധത്തിലെ അസ്വാരസ്യങ്ങളെ കേന്ദ്രീകരിച്ചാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ ‘റായ’, ‘ടിക്കറ്റ്’ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് യഷ് പ്രത്യക്ഷപ്പെടുന്നത്.
യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. മലയാളം പതിപ്പിന്റെ സംഭാഷണം ഗോപൻ ചിദംബരമാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്.