“എനിക്ക് സിനിമകൾ വരുന്നുണ്ട്, ഇതൊരു രണ്ടാം ഘട്ടമായാണ് ഞാൻ കാണുന്നത്”; ഗായത്രി സുരേഷ്

','

' ); } ?>

സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് വിമർശനങ്ങൾക്കിടയിലും തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. നിരവധി ട്രോളുകളും സൈബർ ആക്രമണങ്ങളും നേരിട്ട താരത്തിന്, പലപ്പോഴും അഭിനയം നിർത്തണമെന്ന ചിന്ത ഉണ്ടായിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. പുതിയ ചിത്രമായ ‘മധുരമീ ജീവിത’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്കൈലാർക്ക് പിക്ചേഴ്സ് എന്റർ‌ടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി മനസ്സുതുറന്നത്.

സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെങ്കിലും, സിനിമയോടുള്ള ഇഷ്ടം കാരണം അതിന് കഴിയുന്നില്ലെന്ന് ഗായത്രി പറയുന്നു. വരും കാലങ്ങളിൽ നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. തന്റെ കരിയറിലെ ഒരു പുതിയ തുടക്കമായാണ് ‘മധുരമീ ജീവിതം’ എന്ന ചിത്രത്തെ ഗായത്രി കാണുന്നത്. ഈ ചിത്രത്തിന് പുറമെ മറ്റ് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങാനുണ്ടെന്നും മികച്ച അവസരങ്ങൾ തേടിയെത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അഭിനയത്തോടൊപ്പം ബിസിനസ്സ് രംഗത്തേക്കും ചുവടുവെക്കാനുള്ള പദ്ധതികൾ ഉണ്ടെന്നും, ഇന്ന് മിക്ക താരങ്ങളും ഈ രീതി പിന്തുടരുന്നുണ്ടെന്നും ഗായത്രി സൂചിപ്പിച്ചു.

“സിനിമ നിർത്താമെന്ന് തീർച്ചയായും തോന്നിയിട്ടുണ്ട്. ഇപ്പോഴും എനിക്ക് തോന്നാറുണ്ട്. വേണോ, വേണോ എന്ന്. പക്ഷേ, എന്നാലും സിനിമയോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അതെനിക്ക് നിർത്താൻ പറ്റുന്നില്ല. പ്രതീക്ഷ ആണല്ലോ. കിട്ടും, വരും എന്നൊക്കെയുള്ള പ്രതീക്ഷ ആണല്ലോ. എനിക്ക് സിനിമകൾ വരുന്നുമുണ്ട്. ഇതൊരു രണ്ടാം ഘട്ടമായിട്ടാണ് ഞാൻ കാണുന്നത്. അതിൽ ആദ്യത്തെ സിനിമയാണ് ‘മധുരമീ ജീവിതം’. ഇനി രണ്ട് പടങ്ങൾ വരാനുണ്ട്. പിന്നെ കുറച്ച് അത്യാവശ്യം നല്ല ഓഫറുകളൊക്കെ വരുന്നുണ്ട്. ഒരു ചലനമുണ്ട്. അപ്പോൾ വീണ്ടും എനിക്ക് പ്രതീക്ഷയാണ്. പക്ഷേ അതുമാത്രമല്ല, അതിന്റെ കൂടെ വേറെ എന്തെങ്കിലും ബിസിനസ് ഒക്കെ എല്ലാ അഭിനേതാക്കളും ഇപ്പോൾ ചെയ്യുന്നുണ്ട്”.- ​ഗായത്രി പറഞ്ഞു.

മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ‘മധുരമീ ജീവിതം’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായ ഗായത്രി, മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള ഗായത്രിയുടെ നിശ്ചയദാർഢ്യം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.