
ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവില് കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് പിന്തുണയുമായി ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി. അർജുനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അയാൾക്ക് തിരുത്താൻ ഒരവസരം നൽകണമെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ സനൽ ആവശ്യപ്പെടുന്നത്. പോസ്റ്റിന് താഴെ അർജുൻ ആയങ്കിയുടേതെന്ന് കരുതുന്ന പ്രൊഫൈലിൽ നിന്ന് സ്നേഹത്തിന്റെ ഇമോജി കമന്റായി വന്നതോടെ “നിയമത്തിന് കീഴടങ്ങാനും നിരപരാധിത്വം തെളിയിക്കാനും” സനൽ മറുപടിയായി ഉപദേശിക്കുകയും ചെയ്തു.
അർജുൻ നടത്തിയ തുറന്നുപറച്ചിലുകൾ ചൂണ്ടിക്കാട്ടിയാണ് സനൽകുമാറിന്റെ കുറിപ്പ്. കുട്ടിയുണ്ടായ ശേഷം തെറ്റായ വഴികളിൽ നിന്ന് മാറിനടക്കാൻ ആഗ്രഹിച്ച ഒരു മനുഷ്യന്റെ നിസഹായാവസ്ഥയാണിതെന്നും, മാറ്റത്തിന് സമൂഹം അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭരണകൂടവും മാധ്യമങ്ങളും ചേർന്ന് അർജുനെ വേട്ടയാടുകയാണെന്ന ആരോപണവും സംവിധായകൻ ഉന്നയിക്കുന്നുണ്ട്.
‘‘അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു “ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു“. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്!
സുഹൃത്തുക്കളേ നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ.. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും..
അർജുൻ, എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ..’’–സനൽകുമാറിന്റെ വാക്കുകൾ.
അതേസമയം, പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് കേരള പൊലീസ്. ഇയാളുടെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിൽ വ്യാപക പരിശോധന ആരംഭിച്ചു. അർജുന്റെ വാഹനം പാലിയേക്കര ടോൾപ്ലാസ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
ഒളിവിൽ കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് അർജുൻ ആയങ്കി. കേസ് നടത്തുന്നതിനായി സാമ്പത്തിക സഹായം അഭ്യർഥിച്ചും, “മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ല” എന്ന് പൊലീസിനെ വെല്ലുവിളിച്ചും ഇയാൾ പുതിയ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.