ഹാസ്യത്തിന്റെ ഹിറ്റ്‌മേക്കർ: സംവിധായകൻ സിദ്ദിഖിന്റെ ഓർമ്മകൾക്ക് മൂന്ന് വയസ്സ്

','

' ); } ?>

മലയാള സിനിമയിൽ പകരക്കാരനില്ലാത്ത ചിരിയുടെയും നർമ്മത്തിന്റെയും വിനോദത്തിന്റെയും ലോകം തീർത്ത ‘ഹിറ്റ്‌മേക്കർ’ സംവിധായകൻ സിദ്ദിഖ് ഇസ്‌മയീൽ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ പൂർത്തിയാകുകയാണ്. മലയാളിയുടെ സിനിമാസ്വാദന ശീലങ്ങളെത്തന്നെ തിരുത്തിയെഴുതുകയും ചിരിയും ചിന്തയും വികാരങ്ങളും ഒരേ അളവിൽ സമന്വയിപ്പിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുകയും ചെയ്ത ആ അപൂർവ്വ പ്രതിഭ ബാക്കിവെച്ചുപോയ ശൂന്യത ഇന്നും അതുപോലെ നിലനിൽക്കുന്നു. മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകന് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.

1960 ഓഗസ്റ്റ് ഒന്നിന് എറണാകുളം ജില്ലയിലെ കലൂരിൽ ഇസ്മയിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് സിദ്ധിക്ക് ജനിച്ചത്. കലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, കളമശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും നേടി. പഠനകാലത്തുതന്നെ കലാസാഹിത്യ രംഗങ്ങളോട് തീവ്രമായ താല്പര്യം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായത് മിമിക്രി രംഗത്തേക്കുള്ള പ്രവേശനം ആയിരുന്നു. കൊച്ചിൻ കലാഭവനിൽ ചേർന്ന് മിമിക്രി കലാകാരനായി സജീവമായ സിദ്ധിക്ക്, തന്റെ വ്യത്യസ്തമായ ഹാസ്യശൈലി കൊണ്ടും ചുറ്റുമുള്ള ജീവിതങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കഴിവ് കൊണ്ടും പെട്ടെന്നുതന്നെ ശ്രദ്ധേയനായി മാറി. കലാഭവനിലെ മിമിക്രി ഷോകളിലൂടെ വളർന്നുവന്ന ഈ യുവകലാകാരനിലെ സർഗ്ഗശേഷി തിരിച്ചറിഞ്ഞത് പ്രശസ്ത സംവിധായകൻ ഫാസിലാണ്. കലാഭവൻ വേദിയിൽ സിദ്ധിക്കിന്റെ പ്രകടനം കണ്ട ഫാസിൽ, അദ്ദേഹത്തെ സിനിമയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു.

1986-ൽ പുറത്തിറങ്ങിയ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് സിദ്ധിക്ക് മലയാള സിനിമാരംഗത്ത് തന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്നത്. തുടർന്ന് സംവിധാനരംഗത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഫാസിലിന്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 1988-ൽ പുറത്തിറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രം അദ്ദേഹത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ജീവിതത്തിലെ സുപ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. ഈ കാലഘട്ടത്തിലാണ് കലാകാരനും നടനുമായ ലാലുമായി സിദ്ധിക്ക് കൂടുതൽ അടുക്കുന്നത്. ആ സൗഹൃദം പിൽക്കാലത്ത് മലയാള സിനിമാചരിത്രം തന്നെ മാറ്റിയെഴുതിയ ‘സിദ്ദിഖ്-ലാൽ’ എന്ന ഐക്കോണിക് കൂട്ടുകെട്ടിന്റെ രൂപീകരണത്തിന് വഴിയൊരുക്കി.

1989-ൽ പുറത്തിറങ്ങിയ ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയിലൂടെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് സ്വതന്ത്ര സംവിധായകരായി അരങ്ങേറ്റം കുറിച്ചു. തികച്ചും പുതുമയുള്ള ഹാസ്യശൈലിയും, സാധാരണക്കാരായ മനുഷ്യരുടെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളും, ജീവസ്സുറ്റ കഥാപാത്ര സൃഷ്ടിയും ഈ ചിത്രത്തെ ബോക്സ് ഓഫീസിൽ വൻ വിജയമാക്കി മാറ്റി. തുടർന്ന് ഇരുവരുടെയും കൂട്ടുക്കെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1991), കാബൂളിവാല (1993) തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമാപ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇതിൽ ‘ഗോഡ്ഫാദർ’ മലയാള സിനിമാചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പതിറ്റാണ്ടുകൾക്കിപ്പുറവും ഈ സിനിമകളിലെ സംഭാഷണങ്ങൾ പ്രേക്ഷകർ നിത്യജീവിതത്തിൽ ആവർത്തിക്കുന്നുവെന്നത് സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിന്റെ അസാധാരണ ജനപ്രീതിയെയും അവരുടെ ചിത്രങ്ങളുടെ കാലാതീതമായ പ്രസക്തിയെയും വ്യക്തമാക്കുന്നു.

1994-ൽ പുറത്തിറങ്ങിയ ‘കാബൂളിവാല’യ്ക്ക് ശേഷം സിദ്ധിക്ക്-ലാൽ കൂട്ടുകെട്ട് വേർപിരിയുകയാണുണ്ടായത്. തുടർന്ന് ലാൽ അഭിനയരംഗത്തും നിർമ്മാണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, സിദ്ദിഖ് സംവിധാന രംഗത്ത് ഒറ്റയ്ക്ക് മുന്നേറി. 1996-ൽ സ്വതന്ത്ര സംവിധായകനായി സിദ്ദിഖ് ഒരുക്കിയ ‘ഹിറ്റ്ലർ’ വമ്പിച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. അഞ്ച് സഹോദരിമാരുടെ സ്നേഹനിധിയായ ഏക സഹോദരനായി മമ്മൂട്ടി തകർത്തഭിനയിച്ച മാധവൻകുട്ടി എന്ന കഥാപാത്രം, മലയാള സിനിമയിലെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായി മാറി. തുടർന്ന് ഫ്രണ്ട്സ് (1999), ക്രോണിക് ബാച്ച്ലർ (2003), ബോഡിഗാർഡ് (2010), ഭാസ്കർ ദി റാസ്കൽ (2015), ഫുക്രി (2017) തുടങ്ങി നിരവധിയായ സൂപ്പർഹിറ്റുകൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

2010-ൽ ദിലീപ്, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ബോഡിഗാർഡ്’ സിദ്ധിക്കിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറുകയുണ്ടായി. മലയാളത്തിൽ വമ്പൻ ഹിറ്റായ ഈ ചിത്രം പിന്നീട് തമിഴിൽ വിജയ്, അസിൻ എന്നിവർ അഭിനയിച്ച ‘കാവലൻ’ എന്ന പേരിലും, ഹിന്ദിയിൽ സൽമാൻ ഖാൻ, കരീന കപൂർ എന്നിവരെ അണിനിരത്തി ‘ബോഡിഗാർഡ്’ എന്ന പേരിലും സിദ്ദിഖ് തന്നെ പുനർനിർമ്മിച്ചു. മൂന്ന് ഭാഷകളിലും റെക്കോർഡ് വിജയം നേടിയ ഈ ചിത്രം അദ്ദേഹത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനായ സംവിധായകനാക്കി ഉയർത്തി. സിദ്ധിക്കിന്റെ കഥപറച്ചിലിന്റെ സർവജനീനതയും, ഭാഷാ അതിരുകൾ കടന്ന് ഏതൊരു പ്രേക്ഷകനെയും ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് ഈ ചിത്രത്തിന്റെ വിജയത്തിലൂടെ ലോകം കണ്ടത്.

താൻ സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങൾക്കും സിദ്ധിക്ക് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത്. കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലെ ലാളിത്യവും, ഹാസ്യത്തിന്റെ സ്വാഭാവികതയും, കുടുംബബന്ധങ്ങളുടെ വൈകാരികമായ അവതരണവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രധാന മുഖമുദ്ര. 1986-ലെ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ മുതൽ 2020-ലെ ‘ബിഗ് ബ്രദർ’ വരെ അദ്ദേഹം എഴുതി ഒരുക്കിയ കഥകൾ മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രീതി നേടിയ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. റാംജിറാവു സ്പീക്കിംഗ് (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1991), കാബൂളിവാല (1993), ഹിറ്റ്ലർ (1996), ഫ്രണ്ട്സ് (1999), ക്രോണിക് ബാച്ച്ലർ (2003), ബോഡിഗാർഡ് (2010), ഭാസ്കർ ദി റാസ്കൽ (2015), ഫുക്രി (2017), ബിഗ് ബ്രദർ (2020) എന്നിവ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തുവന്ന മികച്ച ചിത്രങ്ങളാണ്.

സിദ്ധിക്കിന്റെ സിനിമകൾ പ്രധാനമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടുള്ളവയായിരുന്നു. ഹാസ്യം, സൗഹൃദം, ആഴത്തിലുള്ള കുടുംബബന്ധങ്ങൾ, ലളിതമായ സാമൂഹിക സന്ദേശം എന്നിവയുടെ കൃത്യമായ ഒരു സന്തുലിത കൂട്ട് അദ്ദേഹത്തിന്റെ സിനിമകളിൽ എപ്പോഴും കാണാമായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളായ ‘ഹിറ്റ്ലറി’ലെ മാധവൻകുട്ടി, ‘വിയറ്റ്നാം കോളനി’യിലെ കൃഷ്ണമൂർത്തി, ‘ഗോഡ്ഫാദറി’ലെ അഞ്ഞൂറാൻ അപ്പൻ, ‘ഫ്രണ്ട്സി’ലെ അർജുൻ തുടങ്ങി അനേകം കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ ജീവിക്കുന്നു.

2020-ൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘ബിഗ് ബ്രദർ’ ആയിരുന്നു സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത സിനിമ. 2023-ൽ കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന്, ഓഗസ്റ്റ് 8-ന് രാത്രി 9 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആ മഹാനായ പ്രതിഭ ലോകത്തോട് വിടപറഞ്ഞു. തുടർന്ന് അടുത്ത ദിവസം വൈകിട്ട് ആറുമണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ അദ്ദേഹത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.

സിദ്ധിക്കിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സമ്പൂർണ്ണ വിനോദസംവിധായകനെയാണ്. ഇന്ന് സിദ്ധിക്ക് വിടപറഞ്ഞിട്ട് മൂന്ന് വർഷം തികയുമ്പോഴും, അദ്ദേഹത്തിന്റെ സിനിമകൾ തലമുറ വ്യത്യാസമില്ലാതെ വീണ്ടും വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. സിനിമയെ പ്രേക്ഷകരുടെ ലളിതമായ ഭാഷയിൽ സംസാരിപ്പിക്കാൻ അറിഞ്ഞിരുന്ന സംവിധായകൻ എന്ന നിലയിൽ, സിദ്ദിഖ് ഇസ്‌മയീൽ എന്ന പേര് മലയാള സിനിമാചരിത്രത്തിൽ എന്നും അനശ്വരമായി തിളങ്ങിനിൽക്കും. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.