“ഞങ്ങളിൽ ഒരാൾ അദ്ദേഹത്തെ കാണാൻ പോകും, കൂടെയുണ്ടാകും”: മോഹൻ ശർമയ്ക്ക് സഹായ വാഗ്ദാനവുമായി മോഹൻലാൽ

','

' ); } ?>

ചെന്നൈയിലെ വൃദ്ധസദനത്തിൽ സാമ്പത്തിക പ്രതിസന്ധിയിലും രോഗദുരിതത്തിലും കഴിയുന്ന മുതിർന്ന നടനും നിർമാതാവുമായ മോഹൻ ശർമയ്ക്ക് പിന്തുണയുമായി നടൻ മോഹൻലാൽ. മോഹൻ ശർമയെ നേരിട്ട് ബന്ധപ്പെട്ടെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മോഹൻലാൽ വ്യക്തമാക്കി.

മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ചെന്നൈയിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയുള്ള വൃദ്ധസദനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി മോഹൻ ശർമ കഴിയുന്ന വാർത്ത അടുത്തിടെയാണ് സിനിമാ ലോകം അറിയുന്നത്. പുതിയ ചിത്രമായ ‘തുടക്ക’ത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അമൃത ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്ന കാര്യം മോഹൻലാൽ അറിയിച്ചത്. തങ്ങളിൽ ഒരാൾ ഉടൻ തന്നെ അദ്ദേഹത്തെ കാണാൻ പോകുമെന്നും താരം പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ;

“അദ്ദേഹം നിർമിച്ച സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ കോൺടാക്ട് ചെയ്തു. ഞങ്ങളിൽ ഒരാൾ അദ്ദേഹത്തെ കാണാൻ പോകുന്നുണ്ട്. അദ്ദേഹത്തിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കും. ഒരു മാജിക് ആണ് സിനിമ എന്ന് പറയുന്നത് അതാണ്. സിനിമയിൽ മാത്രമല്ല, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് പറയുന്നത്, കർമഫലം എന്നൊക്കെ പറയും. നമ്മൾ അത്രയും പറഞ്ഞു കഴിഞ്ഞാൽ വളരെ സങ്കടം തോന്നും. ഒരുപാട് കാര്യങ്ങൾ ‘അമ്മ’ സംഘടന ചെയ്യുന്നുണ്ട്.

അല്ലാതെയും ചെയ്യുന്നുണ്ട്. മറ്റുള്ളവരെ അറിയിക്കാതെ ചെയ്യുന്ന എത്രയോ പേരുണ്ടാകും. അദ്ദേഹത്തിന്റെ എഴുത്തൊക്കെ എന്റെ കയ്യിലുണ്ട്. ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ‘ഇവിടെ തുടങ്ങുന്നു’ എന്നൊക്കെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹം നിർമിച്ചതാണ്. കുറേ ആയി ഞങ്ങൾ തമ്മിൽ കണ്ടിട്ട്.

അല്ലാതെ ഒരുപാട് സിനിമകളിൽ അഭിനയിച്ചതാണ്. ഇതിപ്പോൾ അറിഞ്ഞ കാര്യം. അറിയാത്ത ഒരുപാട് അഭിനേതാക്കൾ അങ്ങനെയുണ്ട്. അദ്ദേഹത്തിന് എന്താ സംഭവിച്ചതെന്ന് നമുക്കറിയില്ലല്ലോ. അദ്ദേഹം പറയുന്നതാണ്. അതിലേക്ക് നയിച്ചതെന്താണെന്ന് നമുക്കറിയില്ല. അങ്ങനെയാണല്ലോ. അത് കണ്ടുപിടിക്കേണ്ട കാര്യം നമുക്കില്ലെങ്കിലും അതിന് അതിന്റേതായ കാരണങ്ങളുണ്ടാകും. അത് വളരെ സങ്കീർണമായ ഒന്നാണ്”.