“കുട പിടിക്കാൻ പോലും ആളെ നിർത്തില്ല, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന ലളിത രീതി”; വിജയ്‌യെ കുറിച്ച് നിർമ്മാതാവ്

','

' ); } ?>

തമിഴ് താരം വിജയ്‌യുടെ അച്ചടക്കത്തെക്കുറിച്ചും തൊഴിലിനോടുള്ള അർപ്പണമനോഭാവത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നിർമാതാവ് അർച്ചന കല്പാത്തി. വലിയ ബജറ്റിൽ നിർമിച്ച ‘ബിഗിൽ’ സാമ്പത്തികമായി പരാജയമായിരുന്നുവെന്ന പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ അർച്ചന, എജിഎസ് എന്റർടെയ്ന്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം ഉണ്ടാക്കിയ ചിത്രമാണിതെന്നും വ്യക്തമാക്കി. ടൂറിംഗ് ടോക്കീസിന് നൽകിയ അഭിമുഖത്തിലാണ് ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാണാനുഭവങ്ങളും വിജയ്‌യുടെ വേറിട്ട പ്രവർത്തനരീതികളും അവർ പങ്കുവെച്ചത്.

ഉയർന്ന നിർമാണച്ചെലവ് കാരണം ചിത്രം സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും നിലനിന്നിരുന്ന തർക്കങ്ങൾ തെറ്റാണെന്ന് അർച്ചന ചൂണ്ടിക്കാട്ടി. വ്യക്തിഗത ധനസഹായങ്ങൾക്ക് നൽകേണ്ടി വരുന്ന ഉയർന്ന പലിശഭാരം ഒഴിവാക്കി, കൃത്യമായ ബാങ്ക് ഫണ്ടിംഗിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. ഈ തന്ത്രപരമായ സാമ്പത്തിക ആസൂത്രണമാണ് ചിത്രത്തെ വൻ വിജയമാക്കാൻ സഹായിച്ചതെന്നും സിനിമാ മേഖലയിലുള്ളവർക്ക് ചിത്രത്തിന്റെ യഥാർത്ഥ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അവർ വ്യക്തമാക്കി.

സൂപ്പർ താരമെന്ന ഇമേജിനപ്പുറം വിജയ്‌യുടെ ലാളിത്യവും തൊഴിൽപരമായ കൃത്യനിഷ്ഠയും തന്നെ അത്ഭുതപ്പെടുത്തിയതായി അർച്ചന ഓർത്തെടുത്തു. ചിത്രത്തിലെ ഫുട്ബോൾ രംഗങ്ങൾക്കായി ബോഡി ഡബിളിനെ ആശ്രയിക്കാതെ കളിയുടെ ചലനങ്ങൾ താരം സ്വയം അഭ്യസിക്കുകയായിരുന്നു. എന്നും രാവിലെ 7.30-ന് കൃത്യമായി സെറ്റിലെത്തുന്ന വിജയ്, ചിത്രീകരണത്തിന് ഒരാഴ്ച മുമ്പ് തന്നെ ഡയലോഗ് ഷീറ്റുകൾ വാങ്ങി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കുട പിടിക്കാൻ പോലും കൂടെ ആളുകളെ നിർത്താത്ത, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന ലളിതമായ ജീവിതരീതിയാണ് അദ്ദേഹത്തിന്റേതെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു സൂപ്പർതാരമെന്ന നിലയിൽ മുൻപ് വിജയ്‌യെ കാണാൻ തനിക്ക് ഭയമായിരുന്നുവെന്നും എന്നാൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ഒരു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും തന്റെ പ്രതീക്ഷകൾക്കും അപ്പുറമുള്ള അനുഭവമാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായതെന്നും അർച്ചന പറഞ്ഞു. അറ്റ്‌ലി സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ‘ബിഗിൽ’ വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ്. വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതം നൽകിയത്. നയൻതാര, ജാക്കി ഷ്രോഫ്, കതിർ, വിവേക്, യോഗി ബാബു, ഇന്ദുജ, ഡാനിയൽ ബാലാജി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.