
‘വാഴ 2’വിന്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ, തന്റെ രണ്ടാമത്തെ ചിത്രമായ ‘ഞൊടി’ക്ക് സോഷ്യൽ മീഡിയ താരം ഹാഷിർ ഒരു കോടി രൂപ പ്രതിഫലം കൈപ്പറ്റുന്നുവെന്ന് വാർത്തകൾ. ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ‘ഞൊടി’യിൽ ലുക്മാൻ, ചന്തു സലീം കുമാർ, അൽ അമീൻ എന്നിവർക്കൊപ്പമാണ് ഹാഷിർ പ്രധാന വേഷത്തിലെത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് അനാവശ്യ ധാർഷ്ട്യമാണെന്നാണ് ഒരു വിഭാഗം വിമർശിക്കുന്നത്. എന്നാൽ, മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രത്തിലെ നായകന് സ്വന്തം വിപണിമൂല്യം അനുസരിച്ച് തുക ആവശ്യപ്പെടാൻ അർഹതയുണ്ടെന്ന് മറുവിഭാഗം വാദിക്കുന്നു. ഹാഷിറിനുള്ള വലിയ ജനപ്രീതിയും സോഷ്യൽ മീഡിയ റീച്ചും സിനിമയുടെ ബോക്സ് ഓഫീസ് ചലനങ്ങളെ പോസിറ്റീവായി സ്വാധീനിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിലവിൽ പ്രചരിക്കുന്ന വാർത്തകൾ കേവലം സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിഫലം നൽകേണ്ടത് നിർമാതാവാണെന്നും, ഇരു കൂട്ടരും തമ്മിലുള്ള ധാരണയെ അടിസ്ഥാനമാക്കിയുള്ള വിഷയത്തിൽ നടനെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്നും ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. പ്രതിഫല തുകയെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുമ്പോഴും വാർത്തകളോട് ഹാഷിറോ ‘ഞൊടി’യുടെ അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബോക്സ് ഓഫീസിലെ സകല പ്രവചനങ്ങളെയും തിരുത്തിക്കുറിച്ചു കൊണ്ട് 235 കോടി രൂപ നേടി മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ‘വാഴ 2’. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ കടന്നുവന്ന ഹാഷിർ, അജിൻ, അലൻ, വിനായക് എന്നിവരടങ്ങുന്ന സംഘം മലയാള സിനിമയുടെ തലപ്പത്തേക്ക് ഉയർന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യിലെ ഹാഷിറിന്റെ കാമിയോ വേഷവും തിയേറ്ററുകളിൽ വലിയ കയ്യടി നേടിയിരുന്നു. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ഹാഷിർ രണ്ടാമത്തെ ചിത്രത്തിന് ഒരു കോടി രൂപ പ്രതിഫലം ചോദിച്ചെന്ന റിപ്പോർട്ടുകളിൽ പ്രതികരണങ്ങൾ ഭിന്നമാണ്.