‘മാതൃഭാഷ അറിയാത്തത് അഭിമാനമല്ല, അപമാനം, ഇംഗ്ലീഷ് ബോണസ് മാത്രം”; ധനുഷ്

','

' ); } ?>

മാതൃഭാഷ അറിയാത്തത് ഒരിക്കലും അഭിമാനിക്കാവുന്ന കാര്യമല്ലെന്ന് നടൻ ധനുഷ്. മാതൃഭാഷ അറിയാത്തത് അപമാനമാണെന്നും മറ്റ് ഭാഷകൾ പഠിക്കുന്നതിന് മുൻപ് സ്വന്തം മാതൃഭാഷ നന്നായി വായിക്കാനും എഴുതാനും പഠിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ താൻ പഠിച്ച തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ധനുഷ്. ധനുഷ് സ്വന്തം ചെലവിൽ നിർമ്മിച്ച് നൽകിയ കെട്ടിടമാണിത്.

ഇംഗ്ലീഷ് എന്നത് ഒരു അധിക യോഗ്യത അഥവാ ‘ബോണസ്’ മാത്രമാണെന്നും, അത് ഒരിക്കലും മാതൃഭാഷയ്ക്ക് പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാണുന്ന പത്തിൽ എട്ടുപേർക്കും തമിഴ് വായിക്കാനോ എഴുതാനോ അറിയില്ലെന്നും എന്നാൽ ഇംഗ്ലീഷിൽ അവർ പ്രാവീണ്യം ഉള്ളവരാണെന്നും ചൂണ്ടിക്കാട്ടിയ താരം, ഈ അവസ്ഥ ഏറെ നിരാശാജനകമാണെന്നും കൂട്ടിച്ചേർത്തു.

തന്റെ സ്കൂൾ കാലഘട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമായിരുന്നുവെങ്കിലും തമിഴിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നുവെന്ന് ധനുഷ് ഓർത്തെടുത്തു. ഭാഷയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയ ബെൽജിയത്തിലെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഒരു ഫ്രഞ്ച് ചിത്രത്തിന്റെ ചിത്രീകരണത്തിനായി അവിടെപ്പോയപ്പോൾ, തനിക്ക് ഇംഗ്ലീഷ് അറിയാമെന്ന് പറഞ്ഞത് പ്രദേശവാസികളെ അത്ഭുതപ്പെടുത്തിയെന്നും, മാതൃഭാഷയ്ക്കാണ് പ്രാഥമിക പരിഗണന നൽകേണ്ടത് എന്ന അവരുടെ പ്രതികരണമാണ് തന്റെ ചിന്താഗതി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ സാലിഗ്രാമം ക്യാമ്പസിലെ പഴയ കെട്ടിടത്തിന് പകരം പണിതുയർത്തിയ പുതിയ കെട്ടിടത്തിന് ‘ധനുഷ് ബ്ലോക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. എൽകെജി മുതൽ പത്താം ക്ലാസ് വരെ ധനുഷ് പഠിച്ച ഈ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, അധ്യാപകർ, പഴയ സഹപാഠികൾ എന്നിവരും പങ്കെടുത്തു. സ്കൂളിലെ പഴയ കെട്ടിടങ്ങൾ നവീകരിക്കാൻ ധനുഷിന് താല്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ സഹപാഠിയും ‘വേലയില്ലാ പട്ടധാരി’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനുമായ കുമരൻ പറഞ്ഞു. നന്നായി പഠിച്ച് ഉയരങ്ങളിലെത്താനും, ക്യാമ്പസിന്റെ കൂടുതൽ വളർച്ച കാണാൻ താനും സുഹൃത്തുക്കളും വീണ്ടും വരുമെന്നും വിദ്യാർത്ഥികളോട് പറഞ്ഞാണ് ധനുഷ് പ്രസംഗം അവസാനിപ്പിച്ചത്.