
ആത്മീയ യാത്രയെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചുമുള്ള തന്റെ ഉറച്ച വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് നടി ലെന. ഈ ജന്മത്തോടെ തന്റെ ജനനമരണ ചക്രങ്ങൾ അവസാനിക്കുമെന്നും ഇനി ഒരു പുനർജന്മം തനിക്കുണ്ടാകില്ലെന്നും താരം വ്യക്തമാക്കുന്നു. മനസ്സിലാകാത്ത കാര്യങ്ങളും ചോദ്യങ്ങളും ബാക്കിനിൽക്കുമ്പോഴാണ് ഒരാൾ വീണ്ടും ജനിക്കുന്നത്. എന്നാൽ താൻ ജീവിതത്തെയും ദൈവത്തെയും കുറിച്ച് പൂർണ്ണമായി തിരിച്ചറിഞ്ഞു കഴിഞ്ഞതിനാൽ ഇനി തിരികെ വരേണ്ട ആവശ്യമില്ലെന്ന് ലെന പറയുന്നു.
പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഡിസ്റ്റിങ്ഷൻ വാങ്ങി ജയിച്ച ഒരാൾ വീണ്ടും അതേ വിഷയം പഠിക്കുകയോ പരീക്ഷ എഴുതുകയോ ചെയ്യേണ്ടതില്ലാത്തതുപോലെയാണ് സ്വയം തിരിച്ചറിഞ്ഞ വ്യക്തിയുടെ അവസ്ഥയെന്ന് ലെന ചൂണ്ടിക്കാട്ടുന്നു. മുൻജന്മങ്ങളിൽ ഉത്തരം കിട്ടാതെ പോയ പല സംശയങ്ങളും ഈ ജന്മത്തിലും ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായ അന്വേഷണങ്ങളിലൂടെ ‘ജീവിതം എന്നാൽ എന്ത്’, ‘ദൈവം എന്നാൽ ആര്’ എന്നീ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ സാധിച്ചു.
തന്റെ മുൻജന്മങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും നടി പങ്കുവെച്ചു. കഴിഞ്ഞ ജന്മങ്ങളിൽ ഒന്നിൽ 63 വയസ്സുവരെ ജീവിച്ച ഒരു സന്യാസിയായിരുന്നു താനെന്നും, അതിനുശേഷം 29 വയസ്സുവരെ മാത്രം ആയുസ്സുണ്ടായിരുന്ന മറ്റൊരു ജീവിതം നയിച്ചതായും ലെന വ്യക്തമാക്കുന്നു. പല ആയുസ്സുകളിലൂടെ തുടർച്ചയായി നടത്തുന്ന ആത്മീയ അന്വേഷണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ജീവിതം. ആത്മാവ് എന്നത് ഒരു യാത്രയിലെ യൂണിറ്റാണ്. ആ യാത്രയിൽ അത് ഓരോ ശരീരങ്ങൾ സ്വീകരിക്കുന്നു. ശ്വാസം നിലയ്ക്കുമ്പോൾ ശരീരം അവസാനിക്കുമെങ്കിലും ജീവൻ തുടരുകയാണെന്നും താൻ ആരാണെന്ന് പൂർണ്ണമായി മനസ്സിലാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ഈ യാത്ര ഇനി തുടരേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു.
‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിലൂടെ തന്റെ ആത്മീയ അനുഭവങ്ങളും ചിന്തകളും നേരത്തെതന്നെ ലെന വായനക്കാരിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനർജന്മത്തെക്കുറിച്ചുള്ള താരത്തിന്റെ പുതിയ പ്രസ്താവനകൾ മാധ്യമശ്രദ്ധ നേടുന്നത്.