
രൺബീർ കപൂർ ചിത്രം ‘രാമായണ’വുമായി ‘ആദിപുരുഷി’നെ താരതമ്യം ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് ചിത്രത്തിന്റെ സംഭാഷണങ്ങളും ഗാനവും രചിച്ച മനോജ് മുൻതാഷിർ. ആദിപുരുഷ് ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് സമ്മതിക്കുന്നതിൽ നാണക്കേടില്ലെന്നും, അതൊരു പരാജയപ്പെട്ട ശ്രമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘രാമായണത്തെ ആദിപുരുഷുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ആദിപുരുഷ് ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് സമ്മതിക്കുന്നതിൽ നാണക്കേടില്ല. സിനിമയുമായി ബന്ധപ്പെട്ടവർ പരമാവധി ചെയ്തു. എന്നാൽ അതൊരു പരാജയപ്പെട്ട ശ്രമമായിരുന്നു. ആദിപുരുഷിന്റെ ഗാനം ഒട്ടേറെപ്പേരിലെത്തി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. സിനിമയുടെ ഗാനങ്ങൾ വലിയ ഹിറ്റാണ്. രാമായണത്തിലെ ഗാനങ്ങൾ ആദിപുരുഷിനോളവും അതിനപ്പുറവും ശ്രദ്ധനേടട്ടെ എന്ന് ആശംസിക്കുന്നു’, മനോജ് മുൻതാഷിർ പറഞ്ഞു.
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘ആദിപുരുഷ്’. മനോജ് മുൻതാഷിർ ആണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങളും ഗാനങ്ങളും എഴുതിയത്. ഓം റൗട്ട് തന്നെയാണ് തിരക്കഥ ഒരുക്കിയത്. പ്രഭാസ് നായകനായെത്തിയ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ രാവണന്റെ വേഷം കൈകാര്യം ചെയ്തു. കൃതി സനോൺ ആയിരുന്നു സീതയായി എത്തിയത്.