തൃഷയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് പോസ്റ്ററുകൾ; പോസ്റ്ററുകളെ തള്ളി ടി.വി.കെ നേതൃത്വം

','

' ); } ?>

നടി തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തമിഴ്‌നാട്ടിൽ വീണ്ടും സജീവമാകുന്നു. മധുര നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിയെ പരോക്ഷമായി രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

‘തൃഷ വെൽഫെയർ അസോസിയേഷൻ’ എന്ന പുതുതായി രൂപീകരിച്ച സംഘടനയുടെ പേരിലാണ് പ്രചാരണം. ‘എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേരുകളുള്ള മണ്ണാണ് മധുര’ എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളിൽ, സർക്കാരിന്റെ അംഗീകാരം ലഭിച്ച ആദ്യ തൃഷ ആരാധക സംഘടനയാണ് തങ്ങളുടേതെന്നും അവകാശപ്പെടുന്നുണ്ട്. 53/2026 എന്ന രജിസ്‌ട്രേഷൻ നമ്പറും വെള്ളക്കുപ്പായമണിഞ്ഞ ഒൻപതു യുവാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ടെങ്കിലും ഭാരവാഹികളുടെ പേരുകളോ സ്ഥാനങ്ങളോ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, തൃഷയുടെ അറിവോടെയോ സമ്മതത്തോടെയോ ആണോ ഇത്തരം പോസ്റ്ററുകൾ ഉയർന്നതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

നേരത്തെയും തൃഷയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെത്തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ തൃഷ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലായിരുന്നു മുൻപ് അഭ്യൂഹങ്ങൾ ഉയർന്നത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ, വിജയ്‌യുടെ പാർട്ടിയായ ടി.വി.കെയുമായി (തമിഴക വെട്രി കഴകം) തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് നടി മുൻപ് പരസ്യമായി വ്യക്തമാക്കിയിരുന്നു.

അതേസമയം, മധുരയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചോ ‘തൃഷ വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയെക്കുറിച്ചോ തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് മധുര സൗത്ത് വിജയ് മക്കൾ ഇയക്കം പ്രസിഡന്റും ടി.വി.കെ എം.എൽ.എയുമായ എസ്.ആർ. തങ്കപാണ്ടി വ്യക്തമാക്കി. പോസ്റ്ററുകൾക്ക് പിന്നിൽ ആരാണെന്ന അന്വേഷണത്തിലാണ് പ്രാദേശിക വൃത്തങ്ങൾ.