
മറ്റുള്ളവരുടെ സിനിമകളിൽ തുടർച്ചയായി അതിഥിവേഷങ്ങൾ ചെയ്യുന്നത് സ്വന്തം ചിത്രങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് നടൻ വിജയ് സേതുപതി. എന്നാൽ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അത്തരം ആശങ്കകൾക്ക് സ്ഥാനമില്ലെന്നും, അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രമാണ് നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’വിലെ കാമിയോ വേഷം സ്വീകരിച്ചതെന്നും താരം വെളിപ്പെടുത്തി.
വില്ലൻ കഥാപാത്രങ്ങളും അതിഥിവേഷങ്ങളും ഇനി ചെയ്യില്ലെന്ന പ്രഖ്യാപനത്തിനു ശേഷവും ‘ജയിലർ 2’വിൽ താരം എത്തുന്നുവെന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. മറ്റ് ചിത്രങ്ങളിൽ ഇത്തരം വേഷങ്ങൾ ചെയ്യുന്നത് തിയേറ്ററുകളിൽ തന്റെ സിനിമകളുടെ വിപണി മൂല്യം കുറയ്ക്കുമെങ്കിലും, രജനീകാന്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ആ ഭയം ഉണ്ടാകുന്നില്ലെന്നാണ് വിജയ് സേതുപതി വ്യക്തമാക്കുന്നത്.
“ഞാൻ ഇനി കാമിയോ വേഷങ്ങൾ ചെയ്യാറില്ല. അടുത്തിടെ ‘ജയിലർ 2’ൽ മാത്രമാണ് ഒരു കാമിയോ ചെയ്തത്. അതും രജിനി സാറിനെ കാണാൻ വേണ്ടിയായിരുന്നു. മറ്റുള്ളവരുടെ സിനിമകളിൽ ഞാൻ കാമിയോ ചെയ്താൽ അത് പിന്നീട് എന്റെ സിനിമകളുടെ ബിസിനസിനെ ബാധിക്കും. എന്നാൽ രജിനി സാറിന്റെ സിനിമയിൽ അങ്ങനെ ഒരു പ്രശ്നമില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിക്കും. അവസാനം തീരുമാനിക്കുന്നത് തിരക്കഥയാണ്. ഒരു കഥാപാത്രം സിനിമയ്ക്ക് ശരിക്കും അനുയോജ്യമാണെന്ന് തോന്നിയാൽ അത് ചെയ്യും.” വിജയ് സേതുപതി പറഞ്ഞു.
അതേസമയം ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. രജനിക്കൊപ്പം ജയിലർ 2 ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.