ഇ20 പെട്രോൾ തർക്കം: പരോക്ഷ പ്രതികരണത്തിന് പിന്നാലെ നടൻ സണ്ണി വെയ്ന് നേരെ സൈബർ അധിക്ഷേപം

','

' ); } ?>

കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പരോക്ഷമായി പ്രതികരിച്ചതിന് പിന്നാലെ നടൻ സണ്ണി വെയ്ന് നേരെ കടുത്ത സൈബർ ആക്രമണം. എഥനോളിന്റെ രാസസൂത്രവാക്യമായ CH3​−CH2​−OH എന്ന് മാത്രം കുറിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ് വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. വാക്ക് ഉപയോഗിക്കാതെ ഒറ്റ രാസസൂത്രവാക്യത്തിലൂടെ സർക്കാസ്റ്റിക് ശൈലിയിൽ പങ്കുവെച്ച ഈ കുറിപ്പ് നിലവിലെ ഇന്ധന നയത്തിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതോടെ, കേന്ദ്ര സർക്കാരിന്റെ ഇന്ധന നയത്തെ കളിയാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ നടനെതിരെ കടുത്ത അധിക്ഷേപങ്ങളുമായി രംഗത്തെത്തുകയായിരുന്നു. അതേസമയം, സാധാരണക്കാരായ വാഹന ഉടമകൾ നേരിടുന്ന വലിയൊരു പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച താരത്തെ അനുകൂലിച്ചും നിരവധി പേർ പോസ്റ്റിന് താഴെ പിന്തുണ അറിയിക്കുന്നുണ്ട്.

പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്തുന്ന ഇ20 രീതി വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കുന്നുവെന്നും മൈലേജ് കുത്തനെ കുറയ്ക്കുന്നുവെന്നും ഉള്ള പരാതികൾ വാഹന ഉടമകൾക്കിടയിൽ രൂക്ഷമാണ്. രാജ്യത്തുടനീളം ഈ വിഷയത്തിൽ വലിയ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സണ്ണി വെയ്ന്റെ കുറിപ്പ് എത്തുന്നത്. ഇതോടെ ഇ20 ഇന്ധന മിശ്രിതം മൂലം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്.

തന്നെ ലക്ഷ്യമാക്കി കടുത്ത അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും തുടരുമ്പോഴും, വിവാദങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാനോ വിശദീകരണം നൽകാനോ താരം ഇതുവരെ തയ്യാറായിട്ടില്ല. അധിക്ഷേപങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും ഇ20 പെട്രോളിന്റെ പോരായ്മകൾ സജീവമായി ചർച്ച ചെയ്യാൻ ഈ ഒറ്റ പോസ്റ്റ് വഴിയൊരുക്കിയെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവിലയിരുത്തൽ.