
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാൽവെക്കുന്ന വിസ്മയ മോഹൻലാലിന് പിന്തുണയും ഹൃദ്യമായ ആശംസകളുമായി നടി മാലാ പാർവതി. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ ഭയമില്ലാതെ തുറന്നുപറയുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്ത വിസ്മയയുടെ നിലപാടിനെ പ്രകീർത്തിച്ചാണ് മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.
വിസ്മയയുടെ ശാന്തമായ കരുത്തും ലാളിത്യവും ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ധൈര്യവും ഏറെ പ്രശംസനീയമാണെന്ന് മാലാ പാർവതി വ്യക്തമാക്കി. സിനിമാലോകത്തെ യാത്ര അർഥവത്തായ അവസരങ്ങളും നല്ല മനുഷ്യരും അർഹിക്കുന്ന വിജയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ എന്ന് ആശംസിച്ച നടി, എപ്പോഴും സ്വന്തം വ്യക്തിത്വത്തോടും ആശയങ്ങളോടും സത്യസന്ധത പുലർത്താൻ കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും വിസ്മയയ്ക്ക് ദീർഘവും സംതൃപ്തവുമായ ഒരു കരിയർ നേർന്നുകൊണ്ട് കൂട്ടിച്ചേർത്തു.
‘പ്രിയപ്പെട്ട വിസ്മയയ്ക്ക്, ‘തുടക്ക’ത്തിന് അഭിനന്ദനങ്ങൾ. താങ്കളുടെ ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും അഭിനന്ദനാർഹമാണ്. ഇവ എന്നും താങ്കളെ മുന്നോട്ടുനയിക്കട്ടെ. സിനിമാലോകത്തെ താങ്കളുടെ യാത്ര അർഥവത്തായ അവസരങ്ങളും, നല്ല മനുഷ്യരും, അർഹിക്കുന്ന വിജയങ്ങളാലും അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ദൈവം നിങ്ങൾക്കായി ശരിയായ വാതിലുകൾ തുറന്നുതരട്ടെ; ഓരോ ചുവടുവെപ്പിലും രക്ഷിക്കട്ടെ, ദീർഘവും സംതൃപ്തവും മനോഹരവുമായ ഒരു കരിയർ നൽകട്ടെ. എല്ലാത്തിനുമുപരി, എപ്പോഴും സ്വയം സത്യസന്ധത പുലർത്താൻ കഴിയട്ടെ- അതാണ് ഏറ്റവും വലിയ അനുഗ്രഹം. സ്നേഹത്തോടും പ്രാർഥനകളോടും ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളും.’ മാലാ പാർവതി കുറിച്ചു
ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തന്റെ മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നതായി വിസ്മയ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ വിമർശിച്ച് വിസ്മയ രംഗത്തെത്തിയിരുന്നു. പിന്നാലെ വിസ്മയയെ മേജർ രവി തിരുത്തി. എന്നാൽ, മേജർ രവി ഉൾപ്പെടെ തന്നെ വിമർശിച്ചവർക്ക് മറുപടിയെന്നോണമാണ് നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വിസ്മയ വ്യക്തമാക്കിയത്.
‘ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.’ വിസ്മയയുടെ വാക്കുകൾ.