“ഫൈറ്റിന് വെച്ച ബെഡ് കാണാനില്ല, നോക്കുമ്പം സംവിധായകൻ അതിൽ കിടന്നുറങ്ങുന്നു”; പൊട്ടിചിരിപ്പിച്ച് കുഞ്ചാക്കോ ബോബൻ

','

' ); } ?>

തിയേറ്ററുകളിൽ തരംഗമായി മുന്നേറുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഉന്മാദ’ത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ ക്ലൈമാക്സ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിതവും തമാശ നിറഞ്ഞതുമായ സംഭവമാണ് താരം ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

മെറ്റലുകൾ കൂട്ടിയിട്ടിരിക്കുന്ന ഔട്ട്‌ഡോർ ലൊക്കേഷനിൽ വെച്ചായിരുന്നു ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്തിരുന്നത്. ഫൈറ്റിനിടെ നിലത്തു വീഴുന്ന രംഗമുള്ളതിനാൽ പരിക്കേൽക്കാതിരിക്കാൻ താഴെ മെത്ത വിരിക്കാമെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഷൂട്ടിംഗ് ആരംഭിക്കാറായപ്പോൾ ഈ ബെഡ് കാണാതാവുകയും സെറ്റിലുള്ളവരെല്ലാം തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ, തങ്ങൾ തെരഞ്ഞുനടന്ന ബെഡ്ഡിൽ സംവിധായകൻ സുഖമായി ഉറങ്ങുന്നതാണ് കണ്ടതെന്ന് കുഞ്ചാക്കോ ബോബൻ തമാശരൂപേണ ഓർത്തെടുത്തു.

ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ഉന്മാദം’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് നേടി മുന്നേറുന്നത്. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് കോൺസ്റ്റബിളായാണ് കുഞ്ചാക്കോ ബോബൻ വേഷമിട്ടിരിക്കുന്നത്. ലിജോമോൾ നായികയായി എത്തുന്ന ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അതേസമയം രു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഉന്മാദം എന്ന സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.