“എത്ര വലിയ പ്രതിഫലം കിട്ടിയാലും ഇനി അത് ചെയ്യരുത്!”; രൺബീറിനോട് അഭ്യർത്ഥനയുമായി നിതീഷ് ഭരദ്വാജ്

','

' ); } ?>

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ വമ്പൻ ബജറ്റിലൊരുങ്ങുന്ന ‘രാമായണ’ത്തിന്റെ ട്രെയിലറിന് ആഗോളതലത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിന് പിന്നാലെ, ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകളുമായി മുതിർന്ന നടൻ നിതീഷ് ഭരദ്വാജ്. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് ‘മഹാഭാരതം’ സീരിയലിലൂടെയും ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലൂടെയും പ്രശസ്തനായ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂറിന്റെ അഭിനയമികവിനെ പ്രശംസിച്ച അദ്ദേഹം, വരാനിരിക്കുന്ന വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് താരത്തിന് കൃത്യമായൊരു മുന്നറിയിപ്പും നൽകുന്നുണ്ട്.

രൺബീർ ഒരു നടനെന്ന നിലയിൽ ഏറെ പ്രിയപ്പെട്ടവനാണെങ്കിലും, ഭാരതീയ സംസ്കാരവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ട വലിയൊരു കടമയാണ് ഇനി അദ്ദേഹത്തിനുള്ളതെന്ന് നിതീഷ് ഓർമ്മിപ്പിച്ചു. എത്ര വലിയ പ്രതിഫലം വാഗ്ദാനം ചെയ്താലും ഇനി ‘അനിമൽ’ പോലുള്ള സിനിമകളുടെ ഭാഗമാകരുതെന്നും, സ്വന്തം വാക്കുകളെ മലിനമാക്കരുതെന്നും അദ്ദേഹം രൺബീറിനോട് അഭ്യർത്ഥിച്ചു. നടന്റെ കഴിവ് പൂർണ്ണമായി പുറത്തെടുക്കാൻ തക്ക കഥകൾ ഭാരതീയ പൈതൃകത്തിൽ തന്നെയുണ്ടെന്നും നിതീഷ് കൂട്ടിച്ചേർത്തു.

ചിത്രത്തിന് മികച്ച ഇതരഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം 100 ശതമാനവും ലഭിക്കുമെന്ന വൻ പ്രവചനമാണ് നിതീഷ് നടത്തുന്നത്. സത്യജിത് റായിക്കും ശേഖർ കപൂറിനും ശേഷം ലോക സിനിമയ്ക്ക് ഇന്ത്യ നൽകുന്ന അടുത്ത സംഭാവനയായിരിക്കും സംവിധായകൻ നിതേഷ് തിവാരി. വി.എഫ്.എക്സും എ.ഐയും സമർത്ഥമായി ഉപയോഗിച്ച് രാമന്റെ കാലഘട്ടത്തെ അതിമനോഹരമായി പുനഃസൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തിനും പ്രൊഡക്ഷൻ ഡിസൈനിനും നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തും. ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറുടെ പങ്കാളിത്തത്തിന് നന്ദി പറഞ്ഞ നിതീഷ്, കന്നഡ താരം യാഷിനെ ആഗോള സിനിമയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

സീതാദേവിയായി എത്തുന്ന സായ് പല്ലവിയെ പ്രേക്ഷകർ പൂർണ്ണമനസ്സോടെ ഏറ്റെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച താരം, രാമായണം കുറഞ്ഞത് അഞ്ച് തവണയെങ്കിലും തിയേറ്ററിൽ പോയി കാണുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് തന്റെ ആശംസാകുറിപ്പ് അവസാനിപ്പിച്ചത്.