“പ്രശ്നം എനിക്കാണോ അതോ മറ്റുള്ളവർക്കാണോ എന്ന ആശയക്കുഴപ്പമാണ് ആദ്യ സൂചന”: വൈകാരിക ചൂഷണത്തെക്കുറിച്ച് മഡോണ

','

' ); } ?>

നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും അത് തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മഡോണ സെബാസ്റ്റ്യൻ. ഇത്തരം ബന്ധങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് തങ്ങൾ നേരിടുന്ന പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ പോലും ഏറെ സമയമെടുക്കുമെന്നും, അത് തിരിച്ചറിയുക എന്നതാണ് ഇത്തരം അനുഭവങ്ങളിൽ ഏറ്റവും പ്രയാസമേറിയ കാര്യമെന്നും താരം വ്യക്തമാക്കി.

‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഡോണ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഒരാൾ മറ്റൊരാളെ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും മാനസികമായി പൂർണ്ണമായും നിയന്ത്രിക്കുകയും വൈകാരികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതിയെയാണ് നാർസിസിസ്റ്റിക് അബ്യൂസ് എന്ന് വിശേഷിപ്പിക്കുന്നത്.

മഡോണയുടെ വാക്കുകൾ

“ഒരു അബ്യൂസ് തിരിച്ചറിയുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് എനിക്ക് തോന്നുന്നു. അതിനാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്. അത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ, ഒന്നുമില്ലെങ്കിലും നമ്മൾ ഏത് അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നെങ്കിലും മനസിലാക്കാൻ പറ്റും. നാർസിസിസ്റ്റിക് അബ്യൂസ് എന്നത് ഇന്നത്തെക്കാലത്ത് പലയിടങ്ങളിലും ആളുകൾ വളരെ സാധാരണമായി ഉപയോ​ഗിക്കുന്നുണ്ട്. പക്ഷേ ഇതിന്റെ ഏറ്റവും വലിയ ക്രൂരത എന്താണെന്ന് വച്ചാൽ, ഇതിലൂടെ കടന്നുപോകുന്ന ആളുകൾ പലപ്പോഴും ഇത് വ്യക്തമായി മനസിലാക്കുന്നില്ല എന്നതാണ്.

വെറുതേ നമ്മൾ പറഞ്ഞു പോകുന്ന ഒരു വാക്കിന്റെ അർഥമല്ല ഇതിനുള്ളത്. അത് ഒരാളുടെ ജീവിതവും മാനസികാരോഗ്യവുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. അത് എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് എനിക്കറിയില്ല. കൺഫ്യൂഷൻ എന്ന വാക്ക് ആയിരിക്കും ഇതിന് കൂടുതൽ യോജിക്കുക എന്ന് എനിക്ക് തോന്നുന്നു. അത്തരം കൺഫ്യൂഷൻ സ്റ്റേജിൽ നിൽക്കുന്നവരുണ്ടെങ്കിൽ ഡോ രാമനി ദുർവാസുല (Ramani Durvasula) പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് നല്ലതായിരിക്കും.

അവർ ഇതിനെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ വിശദീകരിച്ച് പറയുന്നുണ്ട് അവരുടെ ചാനലിലൂടെ. എന്നിട്ട് നിങ്ങൾ കണ്ടുപിടിക്കുക, നിങ്ങളുടെ ജീവിതത്തിൽ ആ പാറ്റേൺ ഉണ്ടോ എന്നുള്ളത്. കൺഫ്യൂഷൻ എന്നത് എന്താണെന്ന് എനിക്ക് പറഞ്ഞു തരാൻ പറ്റില്ല. ചിലപ്പോൾ എനിക്ക് എന്തോ പ്രശ്നമുള്ളതു പോലെ തോന്നുന്നു. ഇനി എനിക്കാണോ പ്രശ്നം അതോ ഞാൻ ഡീൽ ചെയ്യുന്നതിന്റെ ആണോ പ്രശ്നം.

അങ്ങനെ എന്തൊക്കെയോ കാര്യങ്ങൾ ഉള്ളതു പോലെ തോന്നും. ഇപ്പോൾ റിലേഷൻഷിപ്പിൽ ആണെങ്കിൽ തുടക്കത്തിൽ തന്നെ നമുക്ക് സൂചനകൾ കിട്ടും. കാരണം എല്ലാ റിലേഷൻഷിപ്പും ഓപ്പൺ ആയിട്ട് അല്ല തുടങ്ങുന്നത്. നമുക്ക് ഉപദേശങ്ങൾ ചോദിക്കാനോ അല്ലെങ്കിൽ പറഞ്ഞു തരാനോ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഉണ്ടാകും. ‌കുടുംബത്തിലായാൽ പോലും, അല്ലെങ്കിൽ നമ്മുടെ മതങ്ങളിൽ ആയാൽ പോലും, ഇത്തരത്തിൽ പലതരത്തിലുള്ള നാർസിസിസ്റ്റിക് സ്വഭാവങ്ങളിലൂടെ നമ്മൾ കടന്നുപോകുന്നത് കാണാൻ സാധിക്കും.

നാല് രീതിയിൽ നമുക്കിതിനെ ഡീൽ ചെയ്യാൻ പറ്റും അല്ലെങ്കിൽ ഇത്തരം ആളുകളെ കണ്ടെത്താനാകും. ഒന്ന് അവർ നാർസിസ്റ്റ് ആകണമെന്നില്ല, എന്നാൽ അത്തരം ഗുണങ്ങളുള്ള ചില കാര്യങ്ങൾ പ്രകടിപ്പിക്കുന്നവരായിരിക്കാം. പക്ഷേ അവിടെ ഒരു ഇരയുണ്ടെങ്കിൽ അവർ അനുഭവിക്കുന്ന മാനസികാവസ്ഥ ഒന്ന് തന്നെയായിരിക്കും. എവിടെയെങ്കിലും നിങ്ങളിപ്പോൾ വെറുതെ ഇരിക്കുകയാണെങ്കിൽ, എന്തൊക്കെയോ വേദനയുണ്ട് പക്ഷേ മനസിലാകുന്നില്ല, അതുപോലെ തെറ്റായ കാര്യങ്ങൾ എന്തോ സംഭവിക്കുന്നുണ്ട് പക്ഷേ മനസിലാകുന്നില്ല.

എന്നൊക്കെയുള്ള ഒരു അവസ്ഥ റിലേഷൻഷിപ്പിലോ അല്ലെങ്കിൽ മനുഷ്യരോട് ഇടപെടുമ്പോഴോ തോന്നുന്നുണ്ടെങ്കിൽ അത് അവ​ഗണിക്കരുത്. അല്പം മാറി നിന്ന് കാര്യങ്ങൾ കണ്ടുപിടിക്കുക. രണ്ടോ മൂന്നോ കാര്യങ്ങൾ ഇതുപോലെ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നുണ്ടെങ്കിൽ മാറി നിൽക്കുക. അങ്ങനെയൊന്നുമില്ല എന്ന് തോന്നും. പക്ഷേ നമ്മൾ കാര്യങ്ങൾ വിശകലനം ചെയ്ത് അത് കണ്ടെത്തണം.

കഴിവതും ആ പ്രശ്നത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു സ്‌പെയ്സ് കണ്ടെത്തി കാര്യങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുക. ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം എനിക്ക് ഇതിന്റെ പ്രാധാന്യം ഒരു രീതിയിലും പറഞ്ഞറിയിക്കാൻ പോലും പറ്റുന്നില്ല. ഡോ രാമനി ദുർവാസുല ഈ സൈക്കോളജിയൊക്കെ ട്രെൻഡ് ആകുന്നതിന് മുൻപ്, അതായത് 1996 മുതൽ തന്നെ ഈ കാര്യങ്ങളിലൊക്കെ റിസർച്ച് നടത്തുന്ന ആളാണ് അവർ.

ആ സമയത്ത് ആരും അവരെ സപ്പോർട്ട് ചെയ്യാനില്ലായിരുന്നു. പക്ഷേ ഈ വിഷയത്തെക്കുറിച്ച് ഏറ്റവും വൃത്തിയായി പറഞ്ഞു തരുന്നത് അവരാണ്. ഇതിനെക്കുറിച്ചുള്ള അറിവ് നമുക്ക് ചുറ്റുമുള്ളവർക്ക് ഇല്ല. അത് അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ, അത് മനസിലാക്കാൻ പറ്റുകയുള്ളൂ”.