
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ മകളും പ്രണവ് മോഹൻലാലിന്റെ സഹോദരിയുമായ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ്. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന വിസ്മയ, സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും നേരിട്ട ആശങ്കകളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ചെറുപ്പം മുതലേ അഭിനയത്തോടും തിയേറ്ററിനോടും താല്പര്യമുണ്ടായിരുന്നെങ്കിലും അതിയായ സഭാകമ്പം കാരണം ഈ ആഗ്രഹം പുറത്തുപറയാൻ തനിക്ക് ആത്മവിശ്വാസമില്ലായിരുന്നുവെന്ന് വിസ്മയ പറയുന്നു. എന്നാൽ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ മാത്രമാണ് താൻ ശരിക്കും ജീവിക്കുന്നതായി തോന്നിയിരുന്നത്. വർഷങ്ങൾക്ക് മുൻപാണ് സിനിമ ചെയ്യണമെന്ന ആഗ്രഹം അമ്മയോട് തുറന്നുപറയുന്നത്. പിന്നീട് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് കഥയുമായി സമീപിച്ചപ്പോഴാണ് സിനിമയെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ തുടങ്ങിയതെന്നും വിസ്മയ കൂട്ടിച്ചേർത്തു.
”തിയേറ്റര്‍ ചെയ്യാന്‍ എനിക്ക് എന്നും താല്‍പര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്. ഇതെനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റര്‍ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.” വിസ്മയ പറഞ്ഞു.
”ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന്‍ വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിങ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യത്തെ ദിവസത്തിന്റെ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ നെര്‍വസായിരുന്നു. പക്ഷെ ചെയ്തു. പോകെ പോകെ എളുപ്പമായി. എന്നാല്‍ അവസാനം വരെ ഉള്ളില്‍ നെര്‍വസ് ആയിരുന്നു. എങ്കിലും ആദ്യത്തെ ദിവസത്തിന്റെ തലേദിവസം ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നില്ലെന്നും വിസ്മയ പറയുന്നു. എനിക്കിത് ചെയ്യാനാകുമോ? ശരിയാകുമോ? എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പക്ഷെ സ്വയം വിശ്വസിക്കുകയും ചെയ്തു. ചെയ്‌തേ തീരൂ, അതിനാല്‍ നല്ലത് പ്രതീക്ഷിച്ച് ചെയ്തു.” വിസ്മയ കൂട്ടിച്ചേർത്തു.