നാലാം ക്ലാസ് വരെ ജന്മദിനമറിയില്ലായിരുന്നുവെന്ന് ധനുഷ്; പ്രമോഷന് വേണ്ടി ദാരിദ്ര്യ കഥ മെനയുകയാണെന്ന് വിമർശനം

','

' ); } ?>

43-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നടൻ ധനുഷ് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്നതുവരെ തന്റെ ജന്മദിനം ഏതാണെന്നുപോലും തനിക്ക് അറിയില്ലായിരുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്.

ചടങ്ങിൽ സംസാരിക്കവേ, കുട്ടിക്കാലത്ത് സഹപാഠികൾ പിറന്നാൾ ദിനത്തിൽ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചെത്തുന്നതും മധുരം വിതരണം ചെയ്യുന്നതും കണ്ടാണ് തനിക്കും ആഘോഷിക്കാൻ ആഗ്രഹം തോന്നിയതെന്ന് ധനുഷ് പറഞ്ഞു. തുടർന്ന് സഹോദരി വീട്ടുകാരോട് ചോദിച്ചറിഞ്ഞ ശേഷമാണ് ജൂലൈ 28 ആണ് തന്റെ ജന്മദിനമെന്ന് മനസ്സിലാക്കിയത്. ദീപാവലിക്കും പൊങ്കലിനും മാത്രം പുതിയ വസ്ത്രങ്ങൾ വാങ്ങിയിരുന്ന കുടുംബത്തിൽ നിർബന്ധം പിടിച്ച് അന്ന് പുതിയ വസ്ത്രം വാങ്ങിക്കുകയും, കൈയിലുണ്ടായിരുന്ന പണം കൊണ്ട് മിഠായി വാങ്ങി അധ്യാപകർക്കും സഹപാഠികൾക്കും നൽകുകയുമായിരുന്നുവെന്നും താരം ഓർത്തെടുത്തു.

എന്നാൽ, ധനുഷിന്റെ ഈ വെളിപ്പെടുത്തൽ അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സോഷ്യൽ മീഡിയ. നാലാം ക്ലാസുവരെ സ്വന്തം ജന്മദിനം അറിയാത്തവരായി ആരെങ്കിലുമുണ്ടോ എന്ന് ചോദ്യമുന്നയിക്കുന്നവർ, സിനിമാ പ്രൊമോഷനുകൾക്കും ജനശ്രദ്ധയ്ക്കുമായി താരം മനപ്പൂർവ്വം ‘ദാരിദ്ര്യ കഥകൾ’ മെനയുകയാണെന്ന് ആരോപിക്കുന്നു. കഥപറച്ചിൽ മത്സരത്തിൽ പങ്കെടുത്താൽ ധനുഷിന് ഒന്നാം സ്ഥാനം ലഭിക്കുമെന്നാണ് ഉയർന്നുവരുന്ന പ്രധാന പരിഹാസങ്ങളിൽ ഒന്ന്.

മുൻപ് ‘ഇഡ്ഡലി കടൈ’ എന്ന ചിത്രത്തിന്റെ പ്രചാരണവേളയിൽ, ഇഡ്ഡലി വാങ്ങിക്കഴിക്കാനായി കുട്ടിക്കാലത്ത് പൂവില്പന നടത്തിയിരുന്നുവെന്ന് ധനുഷ് പറഞ്ഞിരുന്നു. ഈ പരാമർശത്തെയും പുതിയ പ്രസംഗത്തെയും കൂട്ടിവായിച്ചാണ് വിമർശനം കടുക്കുന്നത്. സാധാരണക്കാരുടെ സഹതാപം പിടിച്ചുപറ്റാൻ ഇത്തരം കൃത്രിമ കഥകൾ ആരാണ് താരത്തിന് ഉപദേശിച്ചു നൽകുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അതേസമയം, ‘കര’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം ചാപ്റ്റർ 1- ഉദിരം: ദി ബ്ലഡ് വുഡ്’, വെട്രിമാരന്റെ ‘തമിഴ് മുരുകൻ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.