
നടി അൻസിബ ഹസ്സൻ അമ്മയുടെ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരബുദ്ധിയോടെയാണ് അവർ നിയമനടപടികൾക്ക് ശ്രമിക്കുന്നതെന്നും അമ്മ പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ കോടതിയെ അറിയിച്ചു. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടിയ ശ്വേത, അൻസിബയ്ക്ക് ഈ കേസിൽ കക്ഷി ചേരാൻ നിയമപരമായ യാതൊരു അവകാശവുമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതിനിടെ, ശ്വേതാ മേനോൻ നൽകിയ ഹർജി തനിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ച് നടൻ രമേഷ് പിഷാരടിയും എറണാകുളം മുൻസിഫ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
2025 മുതൽ 2028 വരെയുള്ള തന്റെ ഔദ്യോഗിക കാലാവധിയിലെ അവകാശങ്ങൾ സംരക്ഷിക്കാനാണ് താൻ കോടതിയെ സമീപിച്ചതെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കുന്നു. മുൻപ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന അൻസിബ ആ സ്ഥാനം രാജിവെച്ചതാണെന്നും, ഈ രാജി കമ്മിറ്റി അംഗീകരിച്ചതാണെന്നും ശ്വേത ചൂണ്ടിക്കാട്ടുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് അൻസിബ നിലവിൽ ഇത്തരത്തിൽ കേസിൽ കക്ഷിചേരാൻ ശ്രമിക്കുന്നതെന്നാണ് ശ്വേതയുടെ പക്ഷം.
അതേസമയം, ശ്വേതാ മേനോന്റെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമാണ് രമേഷ് പിഷാരടിയുടെ നിലപാട്. ജനപ്രതിനിധിയായ തന്നെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ തന്നെയടക്കം കക്ഷി ചേർത്തതെന്നും, ഹർജിയിൽ തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ബോധിപ്പിച്ചിട്ടില്ലെന്നും പിഷാരടി കോടതിയെ അറിയിച്ചു.