
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുകയും സമരവേദിയിൽ നിന്ന് റീലുകൾ ചിത്രീകരിക്കുകയും ചെയ്ത യുവാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. സമരവേദിയിൽ നിന്നുള്ള റീലുകൾ അറപ്പുണ്ടാക്കുന്നതാണെന്നും ഇവ കണ്ടപ്പോൾ തനിക്ക് ഛർദ്ദിക്കാൻ തോന്നിയെന്നുമാണ് കങ്കണയുടെ വിവാദ പരാമർശം.
നീറ്റ് അട്ടിമറിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഇരമ്പുമ്പോൾ, പര പരമ്പരാഗത സമരരീതികളിൽ നിന്ന് മാറി മീമുകളും ക്രിയാത്മകമായ റീലുകളും ഉപയോഗിച്ച് യുവാക്കൾ നടത്തിയ ഇടപെടലുകൾ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. സർഗാത്മകതയും രാഷ്ട്രീയ പ്രതിഷേധവും സമന്വയിപ്പിച്ച് ചെറുപ്പക്കാർ സൃഷ്ടിച്ച ഈ പുതിയ സമരഭാഷയെയാണ് കങ്കണ ഇപ്പോൾ പരസ്യമായി കടന്നാക്രമിച്ചിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ഗൗരവം ചോർത്തിക്കളയുന്നതാണ് ഇത്തരം പ്രവൃത്തികളെന്നാണ് കങ്കണയുടെ പക്ഷം.
എന്നാൽ കങ്കണയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമാകുന്നുണ്ട്. യുവതലമുറയുടെ പ്രതിഷേധ ശബ്ദങ്ങളെയും സർഗാത്മകതയെയും അപമാനിക്കുന്ന നിലപാടാണ് എം.പിയുടേതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
”ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ജെന്‍-സി പ്രതിഷേധത്തില്‍ നിന്നുള്ള ഈ റീലുകള്‍ കണ്ട് ഛര്‍ദ്ദിക്കാന്‍ തോന്നുന്നു. അവര്‍ സംസാരിക്കുന്ന രീതിയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഓരോ ഫ്രെയ്മും അലോസരപ്പെടുത്തുന്നതാണ്. ആരാണ് ഇവരെയൊക്കെ പെറ്റ് വളര്‍ത്തുന്നത്?” കങ്കണ ചോദിക്കുന്നു.
”വ്യത്യസ്തരായ മനുഷ്യരാല്‍ മനോഹരമായ നാടാണ് ഇന്ത്യ. സംസ്കാര മൂല്യത്തില്‍ വേരൂന്നിയതും ചാരുതയാര്‍ന്നതുമാണ്. നിങ്ങള്‍ സ്വയം പാറ്റകളെന്നാണ് വിളിക്കുന്നത്. അവരെപ്പോലെ തന്നെയാണ് പെരുമാറുന്നത്. അതിലൊരു പാരഡോക്സും ജക്സ്റ്റാപൊസിഷനും ഇല്ല. നിങ്ങളുടെ വൃത്തികേടും മാലിന്യവും ഈ ലോകത്തേക്ക് തള്ളുകയാണ്. ഈ റീലുകള്‍ എന്നെ ഭയപ്പെടുത്തുന്നു. ഡിജിറ്റല്‍ ഡീടോക്സ് വേണ്ടി വരും” എന്നും കങ്കണ പറയുന്നു.