
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ഭാവന. അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികൾ അല്ലെന്നും, ഈ ഗവൺമെന്റിൽ ലജ്ജ തോന്നുന്നുവെന്നും ഭാവന കുറിച്ചു. പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ വിഡിയോയും, നടി രമ്യ നമ്പീശന്റെ കുറിപ്പും പങ്കുവെച്ച് കൊണ്ടാണ് ഭാവനയുടെ പ്രതികരണം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം.
“ഇത് വളരെ ഹൃദയഭേദകമാണ്, ഡൽഹി പൊലീസിന്റെ ക്രൂരത. അവർ വിദ്യാർഥികളാണ്. രാജ്യദ്രോഹികൾ അല്ല. ഈ ഗവൺമെന്റിൽ ലജ്ജ തോന്നുന്നു.’ ഭാവന കുറിച്ചു.
‘ചരിത്രം യുവാക്കളെ ഓർമ്മിക്കുന്നത് അവരുടെ നിശബ്ദത കൊണ്ടല്ല, മറിച്ച് അവരുടെ ധൈര്യത്തിന്റെ പേരിലാണ്. ലോകത്തെ മാറ്റി മറിച്ച എല്ലാ തലമുറകളുടെയും തുടക്കം, അനീതിക്കെതിരെ കണ്ണടയ്ക്കാൻ വിസമ്മതിച്ച വിദ്യാർഥികളിൽ നിന്നാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം.” രമ്യ നമ്പീശൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.
നിരവധി സെലിബ്രിറ്റികളും പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചു കൊണ്ട് രംഗത്തെത്തി. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ആസിഫ് അലി, ജോജു ജോർജ്, ടൊവിനോ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള മലയാള താരങ്ങളും തങ്ങളുടെ പ്രതികരണം പങ്കുവച്ചിരുന്നു.