
ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ, പിന്നെയാ ഡൽഹി’ എന്ന വാചകവുമുള്ള പോസ്റ്റർ പങ്കുവെച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ‘ജയ്ഹിന്ദ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് നടന്റെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത്. വിദ്യാർഥി പ്രക്ഷോഭത്തെ പോലീസ് നേരിട്ട രീതിയെ അനുകൂലിച്ചുകൊണ്ടുള്ള ഈ പ്രതികരണം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകൾ ദിയ കുമാറും സംഭവത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു, പ്രാണികളെ പിന്തുണക്കുന്നില്ല എന്ന ഒറ്റ കാരണത്താൽ തന്നെയും കുടുംബത്തെയും നട്ടെല്ലില്ലാത്തവർ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും, അതിന്റെ പേരിൽ അൺ ഫോളോ ചെയ്യുന്നവർ അത് തുടരണമെന്നും ദിയ പറഞ്ഞിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യത്തെ വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും നിരാശയിലും ആശങ്കയിലും താൻ പങ്കുചേരുന്നതായി മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘വിദ്യാഭ്യാസത്തിന് രാജ്യത്തിൻ്റെ ഭാവിയെ രൂപപ്പെടുത്താനുള്ള കഴിവുണ്ട്. നീതിപൂർവവും സുതാര്യവും യോഗ്യതയ്ക്ക് പ്രാധാന്യം നൽകുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം ഓരോ വിദ്യാർഥിയും അർഹിക്കുന്നു’, അദ്ദേഹം കുറിച്ചു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിലും അതിനെതിരായ പോലീസ് നടപടിയിലും മൗനം പാലിച്ച പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ മാധവനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ്റെമുറിയുടെ വാതിലിൽ വിദ്യാർഥികൾ ‘കാണാനില്ല’ പോസ്റ്റർ പതിച്ചിരുന്നു. ‘നീറ്റ് പരീക്ഷ വിൽപ്പനയ്ക്ക്’ എന്നെഴുതിയ പോസ്റ്ററുകളും വിദ്യാർഥികൾ പതിച്ചു.