
തമിഴ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്റെ മകൻ. എന്നിട്ടും സിനിമയും, അഭിനയവും ഒട്ടും പുതുമ നൽകാത്തൊരു കൗമാരക്കാരന് വെള്ളിത്തിരയുടെ ആദ്യ വേദികൾ സമ്മാനിച്ചത് പരിഹാസത്തിന്റെയും അവഗണനയുടെയും മുറിപ്പാടുകളാണ്. അഭിനയിക്കാനറിയില്ല, ഉയരമില്ല എന്നിങ്ങനെ ഒരു യുവാവിന്റെ ആത്മ ധൈര്യത്തെ മുഴുവൻ ചോർത്തി കളയുന്ന കുത്തുവാക്കുകൾ. എന്നാൽ കാലങ്ങൾക്കിപ്പുറം വിമർശിച്ച ജനതയെ കൊണ്ട് തന്നെ കയ്യടിപ്പിച്ച നായകൻ. “നടിപ്പിൻ നായകനെന്ന” വിളിപ്പേര് അന്യാഭാഷക്കാരെ കൊണ്ട് പോലും ഏറ്റു പറയിപ്പിച്ച സൂര്യ ശിവകുമാർ. മലയാളികൾ ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേർത്തു വെച്ച മറു നാടൻ ഹീറോ, സൂര്യയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
ഒരു അഭിനേതാവ് എന്നതിനപ്പുറം സൂര്യ എന്ന വ്യക്തിയുടെ നന്മയും വ്യക്തിത്വവും പ്രേക്ഷകർ ഇൻസ്പിറേഷനാക്കിയിട്ടുണ്ട്. സൂര്യ എന്ന ശരവണൻ ശിവകുമാർ. മകൻ, സഹോദരൻ, ഭർത്താവ്, അച്ഛൻ, നടൻ, മനുഷ്യൻ എന്നിങ്ങനെ എല്ലാ മേഖലയിലും അയാളൊരു mr പെർഫെക്റ്റ് ആണ്. ഈ പ്രായത്തിലും ഫിറ്റ്നസ്സിനോടും ജീവിതശൈലിയിലും മാന്യമായ നിലയിൽ നിയന്ത്രണവും അപാരമായ പ്രതിബദ്ധതയും പുലർത്തുന്ന ഈ നടൻ, ഇന്നും പുതുതലമുറയെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. “നേർക്കു നേർ” എന്ന ആദ്യ ചിത്രത്തിൽ വിജയ്‌ക്കൊപ്പം കാൽവെക്കുമ്പോൾ അഭിനയത്തിലെ അപൂർണ്ണതകൾ സ്വയം തിരിച്ചറിഞ്ഞ ആ യുവാവ്, പിന്നീട് കഠിനാധ്വാനത്തിന്റെ അഗ്രമകുടമായി മാറി തമിഴ് സിനിമയുടെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
1997-ൽ വസന്ത് സംവിധാനം ചെയ്ത് മണിരത്നം നിർമ്മിച്ച ‘നേരുക്കു നേർ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമാ ലോകത്തേക്ക് കാൽവെക്കുന്നത്. വിജയ്‌ക്കൊപ്പം അഭിനയിച്ച ആ ആദ്യ ചിത്രത്തിൽ ഒരു നവാഗതന്റെ പരിഭ്രമങ്ങളും പോരായ്മകളും അദ്ദേഹത്തിൽ പ്രകടമായിരുന്നു. അഭിനയത്തിൽ തനിക്ക് ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് തിരിച്ചറിഞ്ഞ സൂര്യ, നിരന്തരമായ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്വയം അഴിച്ചുപണിയുകയായിരുന്നു. എന്നാൽ 2001-ൽ പുറത്തിറങ്ങിയ ബാല സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമാണ് സൂര്യയുടെ അഭിനയ ജീവിതത്തിലെ നിർണായക വഴിത്തിരിവായത്. തന്റെ അതുവരെ ഉണ്ടായിരുന്ന ഇമേജിനെ പൂർണ്ണമായും ഉടച്ചുകളഞ്ഞുകൊണ്ട് നന്ദ എന്ന കഥാപാത്രമായി മാറിയ സൂര്യ, ഒരു മികച്ച നടൻ തന്നിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. പിന്നീട് ‘പിതാമഗൻ’ എന്ന ചിത്രത്തിലെ ശക്തനായ സാക്കി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയ സാദ്ധ്യതകളെ വീണ്ടും വിപുലീകരിച്ചു.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക’ എന്ന പോലീസ് ചിത്രമാണ് സൂര്യയെ ഒരു മാസ് നായകനായി ഉയർത്തിയത്. ഈ ചിത്രത്തിലെ അൻബുചെൽവൻ ഐപിഎസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറി. ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് സൂര്യ തെളിയിച്ചു. തുടർന്ന് എ.ആർ. മുരുഗദോസിന്റെ ‘ഗജിനി’ എന്ന ചിത്രം സൂര്യയെ തമിഴ്‌നാടിന് പുറത്തേക്കും പ്രശസ്തനാക്കി. ഓർമ്മക്കുറവുള്ള സഞ്ജയ് രാമസാമി എന്ന കഥാപാത്രത്തിനായി സൂര്യ നടത്തിയ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഏതൊരു പ്രേക്ഷകനെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിന്നീട് ‘അയൻ’, ‘സിങ്കം’ പരമ്പരകൾ, ‘മാട്രാൻ’, ’24’ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ സൂര്യ തന്റെ താരമൂല്യം വർദ്ധിപ്പിച്ചു.
സൂര്യ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം കഥാപാത്രങ്ങൾക്ക് നൽകുന്ന പൂർണ്ണമായ സമർപ്പണമാണ്. ‘പേരഴഗൻ’ എന്ന ചിത്രത്തിൽ സുന്ദരനായ നായകനായും കൂനനായ കഥാപാത്രമായും ഇരട്ടവേഷത്തിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച സൂര്യ, ‘വാരണം ആയിരം’ എന്ന ചിത്രത്തിൽ ഒരേ സമയം അച്ഛനായും മകനായും വേഷമിട്ടു. വിക്രം കുമാർ സംവിധാനം ചെയ്ത ’24’ എന്ന ശാസ്ത്ര സാങ്കേതിക ത്രില്ലർ ചിത്രത്തിലെ ആത്രേയ എന്ന വില്ലൻ കഥാപാത്രം സൂര്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു.
കോവിഡ് കാലത്തും അതിനുശേഷവും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും തിയേറ്ററുകളിലൂടെയും ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ച പ്രകടനങ്ങളാണ് സൂര്യ കാഴ്ചവെച്ചത്. സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’ എന്ന ചിത്രം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു. ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിലെ നെടുമാരൻ രാജാങ്കം എന്ന കഥാപാത്രം സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. തൊട്ടുപിന്നാലെ എത്തിയ ‘ജയ് ഭീം’ എന്ന ചിത്രം സാമൂഹികമായി ഏറെ പ്രസക്തമായ വിഷയമാണ് ചർച്ച ചെയ്തത്. അഭിഭാഷകനായ ചന്ദ്രു ആയി സൂര്യ ജീവിച്ചു കാണിച്ചപ്പോൾ അത് ആഗോളതലത്തിൽ തന്നെ വലിയ പ്രശംസ നേടി. കമലഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിലെ ‘റോലക്സ്’ എന്ന ചുരുങ്ങിയ സമയത്തെ ക്രൂരമായ കാമിയോ വേഷം പോലും സിനിമാ ലോകത്ത് സൃഷ്ടിച്ച തരംഗം ചെറുതല്ല. പിന്നീട് വന്ന “കങ്കുവ,റെട്രോ, വിജയമായില്ലെങ്കിലും ഏറ്റവും ഒടുവിലിറങ്ങിയ കറുപ്പ് അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചു വരവ് തന്നെയായിരുന്നു. പുറത്തിറങ്ങാനുള്ള വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രവും പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.
സിനിമയിലെ വിജയങ്ങൾക്കപ്പുറം സൂര്യയെ ജനങ്ങൾക്ക് പ്രിയങ്കരനാക്കുന്നത് അദ്ദേഹത്തിന്റെ ഉദാരമനസ്കതയും സാമൂഹിക പ്രതിബദ്ധതയുമാണ്. ‘അഗരം ഫൗണ്ടേഷൻ’ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിലൂടെ നിർദ്ധനരായ ആയിരക്കണക്കിന് കുട്ടികൾക്കാണ് സൂര്യ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നത്. പണത്തിന്റെ അഭാവം മൂലം പഠനം മുടങ്ങിപ്പോകുമായിരുന്ന ഗ്രാമീണ മേഖലകളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ ഡോക്ടർമാരും എഞ്ചിനീയർമാരും കളക്ടർമാരുമൊക്കെയാക്കി മാറ്റാൻ അഗരം ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള വലിയൊരു തുക ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്ന സൂര്യ, ജീവിതത്തിലും ഒരു യഥാർത്ഥ നായകനായി മാറുകയാണ്.
കുടുംബബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സൂര്യ. നടി ജ്യോതികയുമായുള്ള അദ്ദേഹത്തിന്റെ വിവാഹവും തുടർന്നുണ്ടായ സന്തോഷകരമായ കുടുംബജീവിതവും ആരാധകർക്ക് എന്നും മാതൃകയാണ്. ശിവകുമാറിന്റെ മകനായി തുടങ്ങി, സ്വന്തം അധ്വാനം കൊണ്ട് തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത സൂര്യ, സഹോദരൻ കാർത്തിക്കും സിനിമാ ലോകത്തേക്ക് വലിയ വഴികാട്ടിയായി നിലകൊള്ളുന്നു. മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും, പുതുമുഖ സംവിധായകർക്ക് നൽകുന്ന പിന്തുണയും തമിഴ് സിനിമയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
പരീക്ഷണ ചിത്രങ്ങളെയും വാണിജ്യ ചിത്രങ്ങളെയും ഒരുപോലെ നെഞ്ചിലേറ്റുന്ന പ്രേക്ഷകർക്ക് സൂര്യ എന്നും ഒരു പ്രതീക്ഷയാണ്. ആക്ഷൻ, പ്രണയം, വൈകാരികത, വില്ലത്തരം തുടങ്ങി ഏത് വേഷത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടും ഉന്മേഷത്തോടും കൂടി ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്ന ഈ മഹാനടൻ വരും നാളുകളിലും കൂടുതൽ മികച്ച കഥാപാത്രങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തും എന്നതിൽ സംശയമില്ല.