“ഭഗവന്ത് കേസരി റീമേക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് വിജയ്”; എച്ച് വിനോദ്

','

' ); } ?>

ബാലയ്യ ചിത്രം ഭഗവന്ത് കേസരി എന്ന സിനിമ റീമേക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് വിജയ് തന്നെയാണെന്ന് വെളിപ്പെടുത്തി സംവിധായകൻ എച്ച് വിനോദ്. താൻ ആദ്യം പറഞ്ഞ കഥ ഹെവി ആണെന്ന കാരണത്താലാണ് വിജയ് അങ്ങനെ പറഞ്ഞതെന്നും വിനോദ് പറഞ്ഞു. ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം പറഞ്ഞ കഥ ഇതല്ലായിരുന്നു. അത് മുഴുവന്‍ കേട്ടപ്പോള്‍ ഫസ്റ്റ് ഹാഫ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ, സെക്കന്‍ഡ് ഹാഫ് ഭയങ്കര ഹെവിയാണെന്ന് പറഞ്ഞു. ‘മോനെ, ഇത്രയും ഹെവിയായിട്ടുള്ളത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അദ്ദേഹമാണ് ഭഗവന്ത് കേസരിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ആ സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ‘ആ സിനിമ കണ്ടുനോക്ക്, നിനക്ക് ഇഷ്ടമായെങ്കില്‍ നമുക്ക് അത് ചെയ്യാം’ എന്ന് അദ്ദേഹം സജസ്റ്റ് ചെയ്തു.’ വിനോദ് പറഞ്ഞു.

‘റീമേക്ക് ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. മുമ്പ് പിങ്ക് അജിത് സാറിനെ വെച്ച് റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും റീമേക്ക് എന്ന് പറയുമ്പോള്‍ എന്താകും എന്നറിയില്ലായിരുന്നു. പക്ഷേ, രണ്ട് സിനിമയും ഞാന്‍ ആസ്വദിച്ച് തന്നെയാണ് ചെയ്തത്. പിങ്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലെ വുമണ്‍ എംപവര്‍മെന്റ് ആശയമായിരുന്നു അജിത് സാറിന് ഇഷ്ടമായത്. ഭഗവന്ത് കേസരിയിലെ അത്തരം സീനുകളാണ് വിജയ് സാറിനെയും റീമേക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചത്.’ വിനോദ് കൂട്ടിച്ചേർത്തു.

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ.